മുളന്തണ്ടിൽ പിറക്കും പുതുവസ്ത്രങ്ങൾ
കൊച്ചി: ഉടുത്തൊരുങ്ങി നടക്കാൻ മുളനാര് നൂലാക്കി നെയ്യുന്ന വസ്ത്രങ്ങൾ വിപണിയിലെത്തിക്കാൻ സംസ്ഥാന ബാംബു കോർപ്പറേഷൻ. മുളനാരുകൊണ്ട് ഇന്ത്യയിൽ പലയിടത്തും വസ്ത്രം നെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ കേട്ടുകേൾവി പോലുമില്ല. മുള സുലഭമായ ഇവിടെ വലിയ സാദ്ധ്യതയാണ് കാണുന്നത്.
ഷർട്ട്, അടിവസ്ത്രങ്ങൾ, സോക്‌സ്, ടീഷർട്ട്, കിടക്കവിരി, ബാത്ത് ടവൽ തുടങ്ങിയവ മുളനാരുകൊണ്ട് നിർമ്മിക്കാം. ലിനൻ, പരുത്തി വസ്ത്രങ്ങൾപോലെ ഇതിനും സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ലിനൻ പോലെ ശരീരത്തിന് സുഖപ്രദമാണ് മുളനാര് വസ്ത്രങ്ങളും. ലിനൻ വസ്ത്രങ്ങളുടേതിന് സമാനമായിരിക്കും വിലയും.
മുള വസ്‌ത്ര നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാങ്കേതിക സഹായം തേടാനും ആലോചനയുണ്ട്.
മുള 1200 ഏക്കറിൽ കൂടി മുള കൃഷി വ്യാപിപ്പിക്കാനും എല്ലാ ജില്ലയിലും ബാംബു ബസാറുകൾ തുടങ്ങാനും ഉദ്ദേശിക്കുന്നു. മലപ്പുറം ജില്ലയിലെ 300 ഏക്കറിൽ കൃഷിയുണ്ട്. 1200 ഏക്കർ കൂടി കണ്ടെത്തി മുള കൃഷി ചെയ്യും. ഫർണിച്ചറും മറ്റ് ഉത്പന്നങ്ങളും നിർമ്മിക്കാൻ പരിശീലനം നല്കും. നാഷണൽ ബാംബുമിഷൻ ആദ്യഘട്ടമായി ഏഴുകോടി രൂപ അനുവദിച്ചു. കുമരകത്തും കോതമംഗലത്തുമുള്ളവയ്ക്ക് പുറമേ മാനന്തവാടിയിലും ഉടൻ ബാംബു ബസാർ തുറക്കും. പിന്നാലെ മൂന്നാറിലും തേക്കടിയിലും.
കോഴിക്കോട് നല്ലളം ഹൈടെക് ബാംബു ഫാക്ടറിയിൽ തറയോട്, ഫർണിച്ചർ തുടങ്ങിയവ നിർമ്മിക്കുന്നുണ്ട്. കോടികളുടെ മെഷീനറിയാണ് സ്ഥാപിച്ചത്. കല്ലൻമുള സംസ്‌കരിച്ചാണ് ഉല്പന്നങ്ങൾ നിർമിക്കുക. ചെലവ് കുറയ്ക്കാൻ അസാമിൽ നിന്ന് മുള കീറി സംസ്‌കരിച്ച് (സ്‌ട്രൈപ്‌സ്) എത്തിക്കുന്നു.
മുള വസ്‌ത്രം
മുള ചെറുകഷണങ്ങളാക്കി രാസപ്രക്രിയയിലൂടെ സെല്ലുലോസ് വേർതിരിച്ചെടുത്ത് നേർത്തനാരുകളാക്കും (ബാംബു ഫൈബർ). പരുത്തി, ലിനൻ നൂലുകൾക്ക് സമാനമായ ഇവ സാധാരണ തറികളിൽ നെയ്തെടുക്കാം.
മുള സംസ്ക്കരണ കേന്ദ്രങ്ങളിൽ നിന്ന് ഫൈബർ കേരളത്തിൽ എത്തിച്ച് ഖാദി യൂണിറ്റുകളിൽ വരെ നെയ്തെടുക്കാം.
പരുത്തി നൂൽ പോലെ നെയ്ത്ത് തൊഴിലാളികൾക്ക് നെയ്യാം
കോട്ടൺ വസ്ത്രങ്ങളേക്കാൾ മാർദ്ദവവും കുളിർമയും. വായുസഞ്ചാരമുള്ളതിനാൽ വിയർത്തൊട്ടില്ല. ദുർഗന്ധമില്ല.
കൂടുതൽ ഈട് നില്ക്കും.
മുള ചതച്ചു വേർതിരിക്കുന്ന നാരുകളിൽ സ്വാഭാവിക എൻസൈം ഉപയോഗിച്ചും മേൽത്തരം നൂലാക്കാം.
പരമ്പരാഗത ഈറ്റവെട്ട്-നെയ്‌ത്ത് തൊഴിലാളികളെ സഹായിക്കാനും പദ്ധതിയുണ്ട്. ഇടമലയാർ, ചാലക്കുടി മേഖലകളിൽ നിന്ന് ഈറ്റകൊണ്ടുവന്ന് സബ്‌സിഡി നിരക്കിൽ തൊഴിലാളികൾക്കു നല്കും. സർക്കാർ നാലുകോടി അനുവദിച്ചു. കട്ടിൽ, സീലിംഗ്, പനമ്പ് തുടങ്ങിയവ നിർമിക്കാം.
ടി.കെ.മോഹനൻ, ചെയർമാൻ,
കേരള ബാംബു കോർപ്പറേഷൻ
പഴയ തലമുറ ഉപയോഗിച്ച കണ്ണാടിപ്പായ ഉൾപ്പെടെ വിപണിയിലെത്തിക്കാം. മുളനാരുകൾ കൊണ്ടു നിർമിക്കുന്ന പായ ആണിത്.
ഡോ.എ.വി.രഘു, പ്രിൻസിപ്പൽ സയന്റിസ്റ്റ്, കേരള വനഗവേഷണ കേന്ദ്രം