അരി​ക്കൊമ്പനെ പി​ടി​ക്കാൻ ദൗത്യസംഘം 16ന് എത്തും

Tuesday 14 March 2023 1:13 AM IST

കുമളി: ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്ത് ഭീതിപടർത്തിയ കാട്ടാനയായ അരിക്കൊമ്പനെ പിടിക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം 16ന് ജില്ലയിലെത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. അപകടകാരിയായ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 26 ഉദ്യോഗസ്ഥരും 4 കുങ്കിയാനകളുമടങ്ങിയ ടീമിനെ വൈൽഡ് ലൈഫ് ചീഫ് സർജൻ ഡോ. അരുൺ സക്കറിയ നയിക്കും. കോടനാട്ട് ഇന്ന് ആനയുടെ കൂടുപണി ആരംഭിച്ച് 4 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. ആനയെ പിടികൂടാൻ ശ്രമിക്കുന്ന ദിവസങ്ങളിൽ പ്രദേശത്ത് 144 പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തീയതികൾ ഒഴിവാക്കിയാകും 144 പ്രഖ്യാപിക്കുക. ആനയെ പിടികൂടുന്നത് കാണാനായി ജനങ്ങൾ ധാരാളം സ്ഥലത്തേക്ക് എത്താൻ സാദ്ധ്യതയുണ്ട്. ഇത് തടയാനാണിത്. ജനങ്ങൾ തടിച്ച് കൂടാതെ സഹകരിക്കണമെന്നും ചിന്നക്കനാലിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ടുകോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്റീൻ ശനിയാഴ്ച രാത്രി 10ഓടെ അരിക്കൊമ്പൻ തകർത്തു. കാന്റീൻ നടത്തിപ്പുകാരൻ എഡ്വിൻ ശബ്ദംകേട്ട് പുറത്തേക്കിറങ്ങി ഓടിയെങ്കിലും പിന്നാലെ ഒറ്റയാനും പാഞ്ഞെത്തി. തൊഴിലാളികൾ ഒച്ചവച്ചാണ് ആനയെ തുരത്തിയത്.