ബ്രഹ്‌മപുരത്തെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടില്ല, പക്ഷേ ചൈനയെക്കുറിച്ച് മിണ്ടും: ചൈനീസ് പ്രസിഡന്റിന് ആശംസയർപ്പിച്ച പിണറായിയുടെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തം

Monday 13 March 2023 12:46 PM IST

തിരുവനന്തപുരം: ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷീ ജിൻപിംഗിന് വിപ്ളവാഭിവാദ്യങ്ങൾ അർപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യൻ അതിർത്തിയിൽ ഇടയ്ക്കിടെ നുഴഞ്ഞുകയറാൻ ശ്രമിക്കുകയും നമ്മുട‌െ പട്ടാളക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റിന് ആശംസ അറിയിച്ചതിലെ രോഷത്തിനൊപ്പം ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും ചൂണ്ടിക്കാണിച്ചാണ് വിമർശനവും പ്രതിഷേധവും ശക്തമാകുന്നത്. ട്വീറ്റിന് താഴെ നിരവധി പേർ പ്രതിഷേധിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റിനോട് കാണിക്കുന്ന ഈ കരുതൽ സ്വന്തം നാട്ടിനോട് കാണിച്ചുകൂടേയെന്നും ചിലർ ചോദിക്കുന്നുണ്ട്.

'പീപ്പിൾസ് റിപ്പബ്ലിക് ഒഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ്ങിന് വിപ്ലവ ആശംസകൾ. ആഗോള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ ശബ്ദമായി ചൈന ഉയർന്നുവന്നത് തീർച്ചയായും പ്രശംസനീയമാണ്. കൂടുതൽ സമ്പന്നമായ ചൈന കൈവരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകൾ.- എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.