സാധാരണക്കാർ മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ കിലോക്കണക്കിന് വാങ്ങി കൊണ്ട് പോകുന്നു, ആലപ്പുഴയിൽ ഇപ്പോൾ ഇതാണ് സ്ഥിതി

Monday 13 March 2023 5:50 PM IST

ആലപ്പുഴ: പാചകവാതക വിലയിൽ കൈ പൊള്ളിയതോടെ അടുക്കള സജീവമാക്കാൻ പഴമയിലേക്കുള്ള തിരിച്ചു പോക്കിലാണ് ജനം. നഗരത്തിൽ ഉൾപ്പെടെ വിറക് വിൽപ്പന വർദ്ധിച്ചു. അടുക്കളയുടെ മൂലയ്ക്ക് ഒതുങ്ങിക്കിടന്ന വിറകടുപ്പുകൾ വീണ്ടും എരിഞ്ഞു തുടങ്ങി.

ഭൂരിഭാഗം അടുക്കളകളിലും പുകയില്ലാത്ത അടുപ്പുള്ളതിനാൽ കരിയും പുകയും പേടിക്കേണ്ടതില്ല. ആകെയുള്ള ബുദ്ധിമുട്ട് യുവതലമുറയ്ക്ക് വിറകടുപ്പ് കത്തിച്ച് ശീലമില്ലാത്തതും, പാചകത്തിന് ഗ്യാസടുപ്പിനേക്കാൾ സമയം വേണമെന്നതുമാണ്. നഗരത്തിൽ പാളി വിറകും, പലക വിറകും കിലോയ്ക്ക് അഞ്ച് രൂപയ്ക്ക് മുതൽ ലഭ്യമാണ്. പാചകവാതക വില വർദ്ധിക്കുന്തോറും വിറകിന് ആവശ്യക്കാരുടെ എണ്ണം കൂടുന്നുണ്ടെന്നും കച്ചവടക്കാർ പറയുന്നു. സാധാരണക്കാർ മുതൽ ഉദ്യോഗസ്ഥർ വരെ വാഹനങ്ങളിലെത്തി കിലോക്കണക്കിന് വിറകും വാങ്ങിയാണിപ്പോൾ പോകുന്നത്. പുകയില്ലാത്ത അടുപ്പിന്റെയും മൺ അടുപ്പുകളുടെയും തീ എരിക്കാനുള്ള അറക്കപ്പൊടിയുടെയും വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്. മണ്ണെണ്ണയ്ക്ക് ആവശ്യക്കാർ കൂടുന്നുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. പൊടുന്നനെ ആവശ്യക്കാർ വർദ്ധിച്ചതോടെ വിറകിനു ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

പാചകവാതക വില

ഗാർഹികാവശ്യം: 1110

വാണിജ്യാവശ്യം: 2124

നഗരപരിധിയിൽ സൗജന്യം

നഗരസഭ പരിധിയിൽ പാചകവാതക വിതരണം പൂർണമായും സൗജന്യമാണ്. പഞ്ചായത്ത് പരിധിയിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് സൗജന്യവിതരണം. അഞ്ചു മുതൽ 10 കിലോമീറ്റർ വരെയുള്ള ദൂര പരിധിയിൽ 33 രൂപ, 10 മുതൽ 15 കിലോമീറ്റർ വരെയുള്ള ദൂരപരിധിക്ക് 43 രൂപ, 15 മുതൽ 20 കിലോമീറ്റർവരെ 50 രൂപ, 20 കിലോമീറ്ററിനു മുകളിൽ പരമാവധി 58 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

Advertisement
Advertisement