സൂര്യൻ ചൂടിലാണ്; വേണം ജാഗ്രത

Tuesday 14 March 2023 12:08 AM IST

മലപ്പുറം: ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ടുള്ള വെയിൽകൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. 65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.

കരുതണം സൂര്യാഘാതത്തെ
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, നേർത്ത, വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ എന്നീ

ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുക.


സൂര്യാഘാതമേറ്റാൽ ചെയ്യേണ്ടത്

വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാൻ, എ.സി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കുക.

കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക, ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക, പൊള്ളിയഭാഗത്ത് കുമിളകളുണ്ടെങ്കിൽ പൊട്ടിക്കരുത്. കഴിയുന്നതും വേഗം ആശുപത്രിയിൽ എത്തുക.


നിർജ്ജലീകരണം ഉണ്ടാവാതെ നോക്കണം

ചൂട് കൂടുമ്പോൾ ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടും. തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാവെള്ളം, മോരിൻവെള്ളം തുടങ്ങിയവ കുടിച്ച് താപശരീര ശോഷണത്തിൽനിന്ന് രക്ഷ നേടാം.
വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഇരുത്തിയിട്ട് പോകാതിരിക്കുക.
ദാഹം തോന്നിയില്ലെങ്കിൽ പോലും ഒരോ മണിക്കൂർ കൂടുമ്പോൾ 2-4 ഗ്ലാസ്സ് വെള്ളം കുടിക്കുക.
പുറത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണിവരെ വിശ്രമവേളയായി ക്രമീകരിക്കുക.
അധികനേരം വെയിലേൽക്കാതെ നോക്കാം. ധാരാളം വെള്ളം കുടിക്കുക.
കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള പരുത്തിവസ്ത്രങ്ങൾ ധരിക്കുക.

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക

വേനൽക്കാലം രൂക്ഷമായതോടെ ജില്ലയിലെ മിക്കഭാഗങ്ങളിലും ശുദ്ധജലക്ഷാമം ഉണ്ടാവാൻ സാധ്യതയുണ്ട് . ഈ അവസരത്തിൽ ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ഷിഗെല്ലോസിസ് , മഞ്ഞപ്പിത്തം തുടങ്ങിയവ ബാധിക്കാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

തടയാം ഇങ്ങനെ

• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
• കിണറുകളും ജലസ്രോതസ്സുകളും ശരിയായ വിധം ക്ലോറിനേറ്റ് ചെയ്യുക
• ഭക്ഷണ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തി മാത്രം കഴിക്കുക
• കൈകളുടെ വൃത്തി, ശരീര ശുചിത്വം എന്നിവ കർശനമായി പാലിക്കുക
വീടും പരിസരവും ശുചിത്വ പൂർണ്ണമായി സൂക്ഷിക്കുക
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.

കൊതുകുജന്യ രോഗങ്ങളെയും കരുതിയിരിക്കുക.


വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ അടച്ചു സൂക്ഷിക്കുക. അല്ലാത്തപക്ഷം അതിൽ കൊതുക് മുട്ടയിട്ട് പെരുകുന്നതിനും അതുവഴി ഡെങ്കിപ്പനി , ചിക്കുൻ ഗുനിയ തുടങ്ങിയ കൊതുക്ജന്യ രോഗങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. ശേഖരിച്ചു വെക്കുന്ന വെള്ളം തിളപ്പിച്ചതിനു ശേഷം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.

Advertisement
Advertisement