ഫിഷിംഗ് ഹാർബറിലെ പുനർഗേഹം ഭവന സമുച്ചം ഖര ദ്രവ്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Tuesday 14 March 2023 12:24 AM IST
ഫിഷിംഗ് ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിൽ ഖര ദ്രവ്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പൊന്നാനി: ഫിഷിംഗ് ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിൽ ഖര ദ്രവ്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫിഷർമെൻ ഫ്ളാറ്റിലെ മലിനജല പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായുള്ള ടാങ്കിന്റെയും, സോക്പിറ്റിന്റെയും നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്.

ജലനിരപ്പ് ഒരേ നിലയിലായതിനാൽ ഖര ദ്രവ്യ മലിനജലം നാലിടങ്ങളിലായി പമ്പ് ചെയ്ത് ഒരു ടാങ്കിലെത്തിച്ചതിന് ശേഷം ശുദ്ധീകരിച്ച് ഗാർഡനിംഗ്, ഫ്ളഷിങ് വഴിയോ അല്ലെങ്കിൽ സോക്ക്പിറ്റ് വഴി ശുദ്ധീകരിച്ചോ ഒഴുക്കി വിടും. ഒരു ദിവസം ഒരു ലക്ഷം ലിറ്റർ മലിന ജലം ഇത് വഴി ശുചീകരിക്കാനാകും. എം.ബി.ബി.ആർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവൃത്തികൾ നടത്തുക. ആറ് മാസത്തിനകം പദ്ധതി പൂർത്തീകരിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

മൂന്നിടങ്ങളിലായി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കായി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 128 ഫ്ളാറ്റുകൾ 2021 സെപ്തംബറിൽ പണി പൂർത്തീകരിച്ച് അർഹരായവർക്ക് കൈമാറിയിരുന്നു. എന്നാൽ മലിന ജലം കൃത്യമായി ഒഴുകി പോകാനാകുന്നതും സംസ്‌കരിക്കാൻ കഴിയുന്നതുമായ സൗകര്യം തീരെ അപര്യാപ്തമായിരുന്നു . ഈ സാഹചര്യത്തിലാണ് 1.56 കോടി രൂപ വകയിരുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമായിരുന്നു ഫിഷറീസ് ഫ്ളാറ്റിൽ താമസിക്കുന്ന പാവപ്പെട്ട മൽസ്യതൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നത്തിനാണ് സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വരുന്നതോടെ ശാശ്വത പരിഹാരമാകുന്നത്.