സംരക്ഷണമില്ലാതെ വൃദ്ധജനങ്ങൾ, വാർദ്ധക്യം ശാപമോ ?
പത്തനംതിട്ട : രണ്ട് ആൺമക്കൾക്കുമായി സ്വത്ത് വീതംവച്ച് നൽകി. ഇപ്പോൾ രണ്ട് മക്കൾക്കും നോക്കാൻ വയ്യ. അവരുടെ ഭാര്യമാരുടെ ഉപദ്രവം വേറെയും. എന്നെ എവിടെങ്കിലും ആക്കുമോയെന്ന് നിലവിളിച്ച വൃദ്ധയെ പൊലീസും സാമൂഹ്യനീതി വകുപ്പും ചേർന്ന് വൃദ്ധസദനത്തിലാക്കി.
ഓർമ്മയില്ലാത്ത വൃദ്ധയെ രാത്രിയിൽ വീടിന് പുറത്തിറക്കി നിറുത്തിയതും നാട്ടുകാർ പൊലീസിൽ അറിയിച്ച് വൃദ്ധസദനത്തിലാക്കിയതും ജില്ലയിൽ തന്നെയാണ്. പ്രവാസിയായ മകൻ വീട്ടിലുള്ള അച്ഛനെ വിളിച്ചിട്ട് ഫോൺ എടുക്കാതെയായപ്പോൾ ബന്ധുവിനെ വിട്ട് അന്വേഷിച്ചു. പൂട്ടിയ കതകുപൊളിച്ച് അകത്ത് കയറിയപ്പോഴാണ് കട്ടിലിൽ മരിച്ച് കിടക്കുന്നത് കാണുന്നത്. ഇങ്ങനെ ആരുമറിയാതെ പോകുന്ന നിരവധി വൃദ്ധജീവിതങ്ങളുണ്ടിവിടെ.
പ്രവാസികളേറെയുള്ള ജില്ലയിൽ അനാഥമാക്കപ്പെടുന്ന വൃദ്ധജന്മങ്ങളേറെയാണ്. മാസത്തിൽ ഇരുപത് കേസെങ്കിലും വൃദ്ധരുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ടെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ ആകെ രണ്ട് ലക്ഷത്തോളം വൃദ്ധരാണുള്ളത്.
പ്രായമായവർക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാകുകയാണ്. സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയുള്ളവരാണ് പ്രായമായവരെ ആക്രമിക്കുന്നത്. മക്കൾക്ക് ആപത്ത് സംഭവിക്കുമെന്ന് ഭയന്ന് പലരും പരാതിയുമായി മുമ്പോട്ട് പോകാറില്ല. അതുകൊണ്ടുതന്നെ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറില്ല. നിരവധി പദ്ധതികൾ വൃദ്ധരുടെ ക്ഷേമത്തിനായി ഉണ്ടെങ്കിലും ഇവയുടെ പ്രയോജനം ലഭിക്കുന്നത് കുറച്ച് പേർക്ക് മാത്രമാണ്.
ജില്ലയിൽ വൃദ്ധസദനങ്ങളുടെ എണ്ണം : 46
സർക്കാർ ഉടമസ്ഥതയിൽ : 1
അല്ലാത്തവ : 45
വൃദ്ധർക്ക് നേരെയുള്ള അതിക്രമങ്ങളിൽ
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ
തിരുവനന്തപുരം : 55
കൊല്ലം : 20
പത്തനംതിട്ട : 4
ആലപ്പുഴ : 14
ഇടുക്കി : 8
കോട്ടയം : 9
എറണാകുളം : 11
തൃശ്ശൂർ : 5
പാലക്കാട് : 2
മലപ്പുറം : 2
വയനാട് : 3
കോഴിക്കോട് : 9
കണ്ണൂർ : 7
കാസർകോഡ് : 2
പരാതി അറിയിക്കാനുള്ള ടോൾഫ്രീ നമ്പർ : 14567