50 സെന്റ് വരെ വനഭൂമിയിൽ ഇളവ്, വനംവകുപ്പ് വഴങ്ങി, ഭേദഗതി ബില്ലിന് ധാരണ

Tuesday 14 March 2023 4:18 AM IST

തിരുവനന്തപുരം: അമ്പത് സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഇളവ് നൽകി സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും നിയമ ഭേദഗതി ബിൽ കൊണ്ടുവരാൻ സർക്കാർ തലത്തിൽ ധാരണയായി. കർഷകർ സമർപ്പിക്കുന്ന കൈവശാവകാശ രേഖകൾ പരിഗണിക്കാവുന്ന തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമാവകാശം അനുവദിക്കും.

ഇന്നലെ വനം, റവന്യു, നിയമ മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. കർഷകർക്ക് ഇളവ് നൽകുന്നതിലും തെളിവിന്റെ കാര്യത്തിലും നേരത്തേ എതിർപ്പുയർത്തിയിരുന്ന വനം വകുപ്പ് ഇന്നലെ നിലപാട് മയപ്പെടുത്തിയതോടെയാണ് അനിശ്ചിതത്വത്തിന് വിരാമമായത്. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് നാളത്തെ മന്ത്രിസഭായോഗം പരിഗണിക്കും.

ചെറുകിട കർഷകർക്കുൾപ്പെടെ ആർക്കും ഒരിളവും പാടില്ലെന്നായിരുന്നു വനംവകുപ്പിന്റെ തുടക്കത്തിലെ നിലപാട്. പിന്നീട് 25 സെന്റ് വരെയുള്ള കർഷകർക്ക് ഇളവാകാമെന്ന് മയപ്പെടുത്തി. എന്നാൽ 50 സെന്റ് വരെയെങ്കിലും ഇളവനുവദിക്കണമെന്ന കർശന നിലപാടാണ് റവന്യു വകുപ്പ് സ്വീകരിച്ചത്. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തിലും വനംമന്ത്രി വിയോജിപ്പറിയിച്ചിരുന്നു.

കർഷകർ ഹാജരാക്കുന്ന രേഖ തർക്കമറ്റ തെളിവായി കണക്കാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ബലത്തിൽ പുതിയ ഭേദഗതി ബില്ലിലും അങ്ങനെ തന്നെ വേണമെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. ഇല്ലെങ്കിൽ 'പരിഗണിക്കാവുന്ന തെളിവാ'യിട്ടെങ്കിലും ഉൾപ്പെടുത്തണമെന്നും വാദിച്ചു. ഇതാണ് വനം മന്ത്രി അംഗീകരിച്ചത്.