സമാനതകളില്ലാത്ത പോരാട്ടം

Tuesday 14 March 2023 1:22 AM IST
ബ്രഹ്മപുരം

കൊച്ചി: പുറത്ത് രാഷ്ട്രീയ വിവാദങ്ങളും പ്രതിഷേധ മാമാങ്കങ്ങളും ആളിക്കത്തുമ്പോൾ ബ്രഹ്മപുരത്തെ വിഷപ്പുകയിൽ അഗ്നി രക്ഷാസേനയുടെ ജീവൻമരണ പോരാട്ടം അനുസ്യൂതം തുടരുകയാണ്. മണിക്കൂറുകൾകൊണ്ട് ദൗത്യം പൂർത്തിയാക്കിവരാമെന്ന് കരുതി മാർച്ച് 2ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ബ്രഹ്മപുരത്തേക്ക് തിരിച്ച രക്ഷാസേന ഇപ്പോഴും കളം വിട്ടിട്ടില്ല.

സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീ അണയ്ക്കലും അതിലേറെ ദുഷ്കരവുമായ രക്ഷാദൗത്യമാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. നൂറോളം ഫയർ സ്റ്റേഷനുകളിൽ നിന്നായി 400 ൽ അധികം ജീവനക്കാരും 100ലേറെ സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ഇതുവരെ ഈ ദൗത്യത്തിൽ പങ്കാളികളായി. എറണാകുളം റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ല ഫയർ ഓഫീസർ ആർ.ഹരികുമാർ, തൃക്കാക്കര സ്റ്റേഷൻ ഓഫീസർ സതീശൻ എന്നിവർ രക്ഷാദൗത്യത്തിന്റെ തുടക്കം മുതൽ ഈ നിമിഷംവരെ ബ്രഹ്മപുരം വിട്ടുപോയിട്ടില്ല. ശാരീരിക അസ്വസ്ഥതകളെക്കാൾ ജീവനക്കാരുടെ മനോവീര്യം കെടുത്തിയത് മാലിന്യമലയിലെ ഭക്ഷണമാണ്. ഗ്ലൗസ് പോലുമില്ലാതെ ജോലിചെയ്തവർക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണത്തിന് മുമ്പ് കൈകഴുകാൻ സോപ്പോ, ലോഷനൊ ലഭിച്ചില്ല. മനം പുരട്ടുന്ന ദുർഗന്ധവും ശ്വാസംമുട്ടിക്കുന്ന പുകയും ഭക്ഷണത്തിനൊപ്പം അകത്താക്കാനായിരുന്നു അവരുടെ വിധി. ആഴത്തിലിറങ്ങിയ തീ ഇനിയും അണഞ്ഞിട്ടില്ല. ഭൂമിക്കടിയിലേക്ക് ഇറങ്ങിയ തീയണയക്കാൻ ലെഗസി വേസ്റ്റ് ഹിറ്റാച്ചികൊണ്ട് ഇളക്കി മറിച്ചാണ് വെള്ളം തളിക്കുന്നത്. ഒരോ ഹിറ്റാച്ചിയോടൊപ്പം 4 വീതം ഉദ്യോഗസ്ഥരുമുണ്ട്. ഇവർ തളരുമ്പോൾ അടുത്ത 4 പേർ കളത്തിലിറങ്ങും. ഈ രീതിയിൽ 24 മണിക്കൂറും ദൗത്യം തുടരുകയാണ്.

 ഓറഞ്ച് ബുക്ക് തുറന്നുപോലുമില്ല

ബ്രഹ്മപുരത്തെ അഗ്നിബാധ പരിഹരിക്കാനുള്ള ദൗത്യത്തിൽ ദുരന്തനിവാരണ അതോറിട്ടി​ക്ക് തുടക്കം മുതൽ അടിതെറ്റി. വനപ്രദേശം പോലെ ഒറ്റപ്പെട്ട സ്ഥലമാണ് ബ്രഹ്മപുരം. അവിടേക്ക് ഫയർ ഫൈറ്റിംഗ് യന്ത്രങ്ങൾ എത്തിക്കാൻ മതിയായ റോഡുകളില്ലാത്തതാണ് ഏറ്റവും വലിയ വീഴ്ച. ദുരന്തനിവാരണം സംബന്ധിച്ച 'ഓറഞ്ച് ബുക്കിലെ' മാർഗ നിർദ്ദേശങ്ങൾ ബ്രഹ്മപുരത്ത് ഏട്ടിലെ പശുവായി. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ വിവിധ വകുപ്പുകളുടെ കോ ഓർഡിനേഷൻ എങ്ങനെ ആയിരിക്കണമെന്ന് ഓറഞ്ച് ബുക്കിൽ വ്യക്തമായി പറയുന്നുണ്ട്. അതൊന്നും പരിഗണിച്ചില്ലെന്നുമാത്രമല്ല, തുടക്കത്തിൽ ആവശ്യത്തിന് ഗ്ലൗസും മാസ്കും പോലും ലഭ്യമാക്കിയില്ല.

ശ്വാസം മുട്ടിക്കുന്ന വിഷപ്പുകയും തീയുമുള്ള സ്ഥലത്ത് കണിസ്റ്റർ മാസ്ക് ആണ് വേണ്ടത്. വളരെ വൈകി കണിസ്റ്റർ മാസ്ക് എത്തിച്ചെങ്കിലും ആവശ്യത്തിന് തികഞ്ഞതുമില്ല. 400 ൽ അധികം ജീവനക്കാർ രണ്ട് ഷിഫ്ടുകളിലായി ജോലിചെയ്തിടത്ത് 3 ദിവസത്തെ ഉപയോഗത്തിനുള്ള മാസ്കാണ് ലഭിച്ചത്. എൻ 95 മാസ്ക് പോലും ഉണ്ടായിരുന്നില്ല. നിരന്തരം ആവശ്യപ്പെട്ടപ്പോഴാണ് ആരോഗ്യവകുപ്പ് ഉണർന്നത്. പിന്നീട് ആസ്റ്റർ മെഡ് സിറ്റിയും എൻ-95 മാസ്കുകൾ എത്തിച്ചുനൽകി. ആദ്യ ദിനങ്ങളിൽ ഏറെ കഠിനമായ കായികാദ്ധ്വാനം ചെയ്യേണ്ടിയിരുന്ന സമയത്ത് സേനാംഗങ്ങൾക്ക് കുടിവെള്ളമോ മറ്റ് അടിയന്തര സഹായങ്ങളോ എത്തിച്ചുകൊടുക്കാൻ സന്നദ്ധപ്രവർത്തകരും നാട്ടുകാരുമൊന്നും ഉണ്ടായിരുന്നില്ല.