സഭയിൽ രൂക്ഷ വിമർശനം, ആരോഗ്യമന്ത്രി ബെസ്റ്റ് മന്ത്രി: വി.ഡി. സതീശൻ

Tuesday 14 March 2023 12:50 AM IST

തിരുവനന്തപുരം: നമുക്കൊരു ആരോഗ്യ മന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് പത്താം ദിവസം മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രി- നിയമസഭയിൽ മന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ചും കളിയാക്കിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തീപിടിച്ച് മൂന്നാം ദിവസം മന്ത്രി പറഞ്ഞു ആരോഗ്യപ്രശ്നം ഇല്ലെന്ന്. എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു. എവിടെ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്നം ഇല്ലെന്നു പറഞ്ഞത്?– സതീശൻ ചോദിച്ചു.

ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് കത്തുന്ന പുകയാണ് അന്തരീക്ഷത്തിൽ നിറയുന്നത്. കാൻസർ അടക്കമുള്ള അസുഖങ്ങൾ ഉണ്ടാകും. വിയറ്റ്നാമിലെ കാട്ടിലൊളിച്ച പട്ടാളക്കാരെ കണ്ടെത്തുന്നതിന് കാട്ടിലെ ഇലകൾ കൊഴിക്കാൻ ഏജന്റ് ഓറഞ്ച് എന്ന രാവസ്തു അമേരിക്ക വിതറി. മൂന്ന് തലമുറ കഴിഞ്ഞിട്ടും വിയറ്റ്നാമുകാർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. അതിലുള്ള വിഷമാണ് ബ്രഹ്മപുരത്തെ പുകയിലുമുള്ളത്.

പുക കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ ഏതെങ്കിലും വിദഗ്ദ്ധ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ചില്ല. ഗുരുതരമായ പ്രശ്നമായിട്ടും സർക്കാർ ലഘുവായി കണ്ടു. എറണാകുളത്ത് രണ്ട് ഓക്സിജൻ പാർലർ തുടങ്ങിയാൽ സർക്കാരിന്റെ ജോലി തീരില്ല. മാലിന്യം കത്തിക്കോട്ടെ എന്നാണ് സർക്കാർ ചിന്തിച്ചത്. മുഴുവൻ കത്തിത്തീർന്നാലേ കരാറുകാരനെ സഹായിക്കാൻ കഴിയൂ. ജനങ്ങൾക്ക് അനാഥത്വം അനുഭവപ്പെട്ടു. തീ പിടിച്ചപ്പോൾ ഉത്തരവാദിത്വമേൽക്കാതെ എല്ലാവരും കൈകഴുകി മാറി നിന്നു. കൊച്ചി വിട്ടുപോകാനാണ് ജനങ്ങളോട് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതി ചീഫ്സെക്രട്ടറി മുന്നോട്ടുവച്ചിട്ടും പ്രതിഷേധം ഭയന്ന് സർക്കാർ വേണ്ടെന്നുവച്ചെന്നും സതീശൻ കുറ്റപ്പെടുത്തി.

അധിക്ഷേപം വ്യക്തിപരം: വീണ

തന്നെ പ്രതിപക്ഷനേതാവ് വ്യക്തിപരമായി അധിക്ഷേപിച്ചെന്നും മാപ്പു പറയണമെന്നും മന്ത്രി വീണാജോർജ്ജ് ആവശ്യപ്പെട്ടു. പത്തിന് കൊച്ചിയിൽ പോയി മാസ്ക് ധരിക്കണമെന്ന് പറഞ്ഞിട്ടില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എം.എൽ.എമാർ ഓക്സിജൻ പാർലറിനടക്കം ശുപാർശ നൽകിയില്ല. പ്രതിപക്ഷനേതാവ് മന്ത്രിതല യോഗത്തിൽ പങ്കെടുത്തില്ല. എന്ത് നുണയും പറയാനുള്ള സ്ഥാനമല്ല പ്രതിപക്ഷ നേതാവിന്റേതെന്നും വീണ പറഞ്ഞു.