സഹായം ചോദിക്കാത്തത് എന്തെന്ന് കേന്ദ്രമന്ത്രി

Tuesday 14 March 2023 12:01 AM IST

ന്യൂഡൽഹി:ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യു.ഡി.എഫ് എം.പിമാരെ അറിയിച്ചു.സംസ്ഥാന സർക്കാർസഹായം ചോദിക്കാത്തതെന്തെന്നും മന്ത്രി ആരാഞ്ഞു.

ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാൻ എയിംസിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തെ അയയ്ക്കാനും നൂതന മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ ധനസഹായം ആവശ്യപ്പെട്ടും എം.പിമാർ നിവേദനം നൽകിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

മറ്റു മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ രാഘവൻ, എൻ.കെ. പ്രേമചന്ദ്രൻ, ടി.എൻ പ്രതാപൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിവേദനം നൽകിയത്. ഇതേ വിഷയത്തിൽ ലോക്‌സഭയിൽ ബെന്നിബെഹ്‌നാൻ, ഹൈബി ഈഡൻ, രാജ്യസഭയിൽ കെ.സി. വേണുഗോപാൽ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിരുന്നു.