അടിവസ്ത്രത്തിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ

Tuesday 14 March 2023 4:06 AM IST

കൊണ്ടോട്ടി: അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണവുമായി കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻ പ്ലാക്കിൽ അസ്മാബീവിയെ (32) കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.

ഞായറാഴ്ച രാത്രി 10.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ അസ്മാബീവിയിൽ നിന്ന്, അതിവിദഗ്ദ്ധമായി ഒളിപ്പിച്ച സ്വർണ മിശ്രിതമടങ്ങിയ 2,​031 ഗ്രാം തൂക്കമുള്ള രണ്ട് പാക്കറ്റുകളാണ് പിടികൂടിയത്. 99.68 ലക്ഷം രൂപ വില മതിക്കുന്ന 24 കാരറ്റിന്റെ 1.769 കിലോ സ്വർണം അടങ്ങിയതായിരുന്നു മിശ്രിതം.

15 ദിവസം മുമ്പാണ് അസ്മാബീവി ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോയത്. 40,​000 രൂപയും വിമാന ടിക്കറ്റുമാണ് സ്വർണം കടത്തുന്നതിന് പകരമായി വാഗ്ദാനം ചെയ്തിരുന്നത്. ഡെപ്യൂട്ടി കമ്മിഷണർ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ടി.എസ്.ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്‌പെക്ടർ കെ.പി.ധന്യ,​ ഹെഡ് ഹവൽദാർമാരായ ടി.എ.അലക്സ്, ലില്ലി തോമസ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്‌.