ഹരിത ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ നീക്കി

Tuesday 14 March 2023 12:07 AM IST

കൊച്ചി: ബ്രഹ്മപുരം പ്ളാന്റ് നടത്തിപ്പിലെ വീഴ്‌ചകൾ വ്യക്തമാക്കുന്ന ഹർജികളിൽ കൊച്ചി നഗരസഭയ്ക്കെതിരെ നടപടി നിർദ്ദേശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ നൽകിയ ഉത്തരവുകൾക്ക് അനുവദിച്ച സ്റ്റേ ഹൈക്കോടതി നീക്കി. ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്റ്റേ നീക്കിയത്. ഹർജികൾ ഇന്നു വിശദമായി വാദം കേൾക്കും.

ആറുമാസത്തിനകം പുതിയ പ്ളാന്റ് സ്ഥാപിക്കാൻ 2018 ഒക്ടോബർ 23ന് നഗരസഭയോടു ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാത്തതിന് പിന്നീട് ഒരുകോടി രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരെ നഗരസഭ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. പിന്നീട് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിന് 2020 ൽ നഗരസഭാ സെക്രട്ടറിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതും നഗരസഭയുടെ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഉത്തരവുകളാണ് നീക്കിയത്.