യെസ് ബാങ്ക് ഓഹരികൾ ഇടിഞ്ഞു

Tuesday 14 March 2023 2:12 AM IST

മുംബയ്: ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ യെസ് ബാങ്കിന്റെ ഓഹരികൾ 12.8 ശതമാനത്തോളം ഇടിഞ്ഞു. ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ള എട്ടു ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ 'ലോക്ക് ഇൻ പീരീഡ് ' ഇന്ന് അവസാനിക്കുന്നതിനാൽ ആദ്യ ഘട്ട വ്യപാരത്തിൽ ലാഭമെടുപ്പ് നടത്തിയതാണ് വിലയിടിവിന് കാരണം. വ്യാപാരം അവസാനിക്കുമ്പോൾ 4.9 ശതമാനം ഇടിഞ്ഞ് 15.70 രൂപയിലാണ് അവസാനിച്ചത്. 2020 ലാണ് എസ് ബി ഐയുടെ നേതൃത്വത്തിൽ, മൂന്ന് വർഷ കാലാവധിയിലേക്കായി ബാങ്കുകൾ നിക്ഷേപം നടത്തിയത്. മാർച്ച് 2020 ലാണ് എസ് ബി ഐ, എച്ച്ഡിഎഫ് സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക് , ബന്ധൻ ബാങ്ക്, ഐഡിഎഫ് സി ബാങ്ക് എന്നി ബാങ്കുകൾ ചേർന്ന് എസ് ബാങ്കിൽ 10,000 കോടി രൂപ നിക്ഷേപിച്ചത്.

ബാങ്കിനെ പാപ്പരത്വ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു നിക്ഷേപം നടത്തിയത്. എസ് ബിഐ യാണ് ഏറ്റവുമധികം ഓഹരികൾ കൈവശം വച്ചിട്ടുള്ളത്. ബാങ്കിന്റെ 26 ശതമാനം ഓഹരികളാണ് എസ് ബി ഐ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കൈവശമുള്ള ഓഹരികളുടെ വിപണി മൂല്യത്തിൽ 60 ശതമാനത്തിന്റെ വർധനവാണുണ്ടായത്.