കോവളം - ബേക്കൽ ജലപാത: ടൂറിസം പദ്ധതികളും ഒരുങ്ങുന്നു

Tuesday 14 March 2023 3:15 AM IST

കൊച്ചി: രണ്ടു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച കോവളം - ബേക്കൽ ജലപാതയുടെ നിർമ്മാണത്തിന് വേഗമേറി. ജലപാതയുമായി ബന്ധിപ്പിച്ച് വടക്കേമലബാറിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ നിർമ്മാണവും പുരോഗമിക്കുന്നു. തിരുവനന്തപുരം കോവളം മുതൽ കാസർകോട് ബേക്കൽ വരെ വെസ്റ്റ് കോസ്റ്റ് കനാൽ വികസിപ്പിക്കുന്ന പദ്ധതി 2025ൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഈ മാസം മൂന്നിന് പ്രഖ്യാപിച്ചിരുന്നു. നിശ്ചിതസമയത്ത് നിർമ്മാണം പൂർത്തിയാക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) അധികൃതർ അറിയിച്ചു.

620 കിലോമീറ്റർ പാതയിൽ കൊല്ലം മുതൽ കോഴിക്കോട് വരെ 328 കിലോമീറ്റർ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഒഫ് ഇന്ത്യ പൂർത്തിയാക്കി. സംസ്ഥാനം വികസിപ്പിക്കുന്ന 180 കിലോമീറ്റർ ഭാഗികമായി ഗതാഗതസജ്ജമായിട്ടുണ്ട്. ശേഷിക്കുന്നത് 112 കിലോമീറ്ററാണ്. 6,500 കോടി രൂപയുടെ പദ്ധതിയിൽ 2,550 കോടി രൂപയ്ക്ക് കിഫ്ബി അനുമതി നൽകി.

ജലപാതയുടെ ഭാഗമായി നിരവധി ടൂറിസം പദ്ധതികൾ നടപ്പാക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള 'മലനാട് - മലബാർ റിവർ ക്രൂയിസ് " പദ്ധതിയാണ് പ്രധാനം. 40 കോടി രൂപ ചെലവുള്ള പദ്ധതി ഉൾനാടൻ ഗതാഗത വകുപ്പാണ് നടപ്പാക്കുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയുള്ള പദ്ധതിയിലെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ് കേരളകൗമുദിയോട് പറഞ്ഞു.

മലനാട് - മലബാർ റിവർ ക്രൂയിസ്

കണ്ണൂർ ജില്ലയിലെ മയ്യഴി, വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായ്, അഞ്ചരക്കണ്ടി, കാസർകോട് ജില്ലയിലെ തേജസ്വി, ചന്ദ്രഗിരി പുഴകളും വലിയപറമ്പ ജലാശയവും ഉൾപ്പെടുന്നതാണ് 'മലനാട് - മലബാർ റിവർ ക്രൂയിസ് " പദ്ധതിപ്രദേശം. 46 ജെട്ടികൾ നിർമ്മിക്കും. സംസ്ഥാനം നിർമ്മിക്കുന്ന 17ൽ നാലെണ്ണം പൂർത്തിയായി. ബാക്കി അവസാനഘട്ടത്തിലാണ്. സ്വദേശി ദർശൻ പദ്ധതിയിൽ കേന്ദ്ര ടൂറിസം വകുപ്പ് നിർമ്മിക്കുന്ന 29 ടെർമിനലുകൾ അന്തിമഘട്ടത്തിലാണ്. 37 കിലോമീറ്റർ നീളുന്ന ബോട്ട് യാത്രയാണ് പ്രധാന ആകർഷണം. ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയുണ്ടാകും. ടൂറിസം വകുപ്പും ജില്ലാ ടൂറിസവും ബോട്ട് സർവീസുകൾ ആരംഭിച്ചുകഴിഞ്ഞു.

Advertisement
Advertisement