എസ്.വി.ബി. ഇഫക്ട്: ഓഹരി വിപണി തകർന്നു

Tuesday 14 March 2023 2:17 AM IST

മുംബയ്: അദാനി പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഇന്ത്യൻ ഓഹരികളിൽ യു.എസ്. ബാങ്കിന്റെ പതനം കനത്ത ആഘാതമേൽപ്പിച്ചു. എസ്.വി.ബി. ബാങ്കിന്റെ തകർച്ചയെ തുടർന്ന് ആഗോള മാർക്കറ്റുകളിൽ ഉണ്ടായ പ്രതിസന്ധി ഇന്ത്യൻ ഓഹരിയിലും പ്രതിഫലിച്ചു. ആദ്യവ്യാപാരദിനത്തിൽ തന്നെ സെൻസെക്സ് 897.28 പോയിന്റ് താഴ്ന്ന് 58,​237.85 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 258.60 പോയിന്റ് താഴ്ന്ന് 17154 പോയിന്റിലെത്തി.

കഴിഞ്ഞ മൂന്ന് വ്യാപാരദിനങ്ങളിലായി 2110 പോയിന്റ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിക്ഷേപകർക്ക് നഷ്ടമായത് 7.3 ലക്ഷം കോടി രൂപ. ഇന്നലെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ബാങ്കിംഗ് ഓഹരികളാണ്. ഇന്ത്യൻ ബാങ്കുകൽ ശക്തമായ റെഗുലേറ്ററി ചട്ടക്കൂടിലാണെന്ന വിദഗ്ധരുടെ അഭിപ്രായങ്ങളൊന്നും വിപണിയെ പിന്തുണച്ചില്ല. ബാങ്കിംഗ് നിഫ്റ്റി 920.75 പോയിന്റ് കുറവാണ് ഉണ്ടായത്. 2.27% തകർച്ച. ഇ‍ൻഡസ് ഇൻ‌ഡ് ബാങ്ക് ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞു. പൊതുമേഖല ബാങ്ക് ഓഹരികൾക്ക് 3.5% നഷ്ടം.

സിലിക്കൺ വാലി ബാങ്ക് പ്രതിസന്ധി അവസാനിപ്പിക്കാൻ യു.എസ് ഭരണകൂടം ഇടപെട്ട് നിക്ഷേപകരുടെ മുഴുവൻ പണവും തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞിട്ടും ആഗോള വിപണിയെ സ്വാധീനിച്ചില്ല. വാൾസ്ട്രീറ്റ് തകർച്ച ഏഷ്യൻ വിപണികളെ വ്യാപകമായി ബാധിച്ചു.