ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
Tuesday 14 March 2023 12:38 AM IST
കൊട്ടാരക്കര : എം.സി റോഡിൽ കുളക്കടയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. വൈദ്യുതി ബോർഡ് ജീവനക്കാരി കുളക്കട തുരുത്തിലമ്പലം സ്വദേശിനി രശ്മിയ്ക്കാണ് (28) പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ചിറ്റയം ഗോപകുമാർ. ഇടറോഡിൽ നിന്ന് കയറിവന്ന രശ്മി, മറുവശത്തേക്ക് കടക്കാനൊരുങ്ങുമ്പോഴായിരുന്നു അപകടം. തെറിച്ചുവീണ യുവതിയെ ഹൈവേ പൊലീസിന്റെ വാഹനത്തിൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പുത്തൂർ പൊലീസ് പറഞ്ഞു. കാറിന്റെ മുൻഭാഗം തകർന്നതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചിറ്റയം ഗോപകുമാർ യാത്രതുടർന്നു. പുത്തൂർ പൊലീസ് കേസെടുത്തു.