സിനിമാ ഡയലോഗ് തട്ടിവിട്ടാൽ ജയിക്കാനാവില്ല: എം.വി.ഗോവിന്ദൻ

Tuesday 14 March 2023 2:17 AM IST

ആലപ്പുഴ: സിനിമാ ഡയലോഗ് തട്ടിവിട്ടാൽ കേരളത്തിൽ ജയിക്കാനാവില്ലെന്നും തൃശൂരിൽ മൂന്നാമതും നാലാമതുമായിരിക്കും ബി.ജെ.പി എത്തുകയെന്നും സുരേഷ് ഗോപിയുടെ പരാമർശത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. കേരളത്തെ സൊമാലിയയോട് ഉപമിക്കുകയും സുരക്ഷിതമല്ലെന്ന് ആക്ഷേപിക്കുകയും ചെയ്‌ത ബി.ജെ.പിയെ പിന്തുണയ്‌ക്കാൻ കേരളീയർ തയ്യാറാകില്ല. മോദി സർക്കാരിന് ഒരവസരം കൂടി നൽകണമെന്ന അമിത്ഷായുടെ ആഹ്വാനം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് മൂന്നുശതമാനമാണ് കുറഞ്ഞത്. നിയമസഭയിലെ ഏക പ്രാതിനിദ്ധ്യം ഇല്ലാതെയുമായി. ഇതിനെക്കാൾ വലിയ തിരിച്ചടിയായിരിക്കും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാകുക. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് വലിയ നേട്ടമെന്നാണ് അമിത്ഷാ പറയുന്നത്. എന്നിട്ട് ജമാഅത്തെ ഇസ്ളാമിയുമായി ചർച്ച നടത്തുന്നത് വിരോധാഭാസമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി നിശ്‌ചിത ശതമാനം എം.പി ഫണ്ട് വിനിയോഗിക്കണമെന്ന മാർഗരേഖ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞത് ആ വിഭാഗത്തോടുള്ള തെറ്റായ സമീപനത്തിന്റെ തെളിവാണ്. ആർ.എസ്.എസുകാർ രൂപീകരിക്കുന്ന ട്രസ്‌റ്റുകൾക്ക് ഫണ്ട് നൽകിയാൽ മതിയെന്ന സന്ദേശമാണ് പുതിയ മാർഗരേഖയിലൂടെ പുറത്തുവരുന്നത്.

ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാനായി കുട്ടനാട്ടിൽ കൊയ്‌ത്ത് നിറുത്തിച്ചെന്ന വാർത്ത തെറ്റാണ്. പാർട്ടിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

ജാഥാ മാനേജർ പി.കെ. ബിജു, ജില്ലാ സെക്രട്ടറി ആർ. നാസർ, എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement