രാജ്ഭവനിൽ അറ്റകുറ്റപ്പണി രാഷ്ട്രപതിക്ക് ഹോട്ടൽ
Tuesday 14 March 2023 2:17 AM IST
തിരുവനന്തപുരം: 17ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു, രാജ്ഭവനിലെ അറ്റകുറ്റപ്പണി പൂർത്തിയാവാത്തതിനാൽ സ്വകാര്യ ഹോട്ടലിൽ താമസിക്കും. ഗവർണേഴ്സ് അപ്പാർട്ട്മെന്റ് പുതുക്കിപ്പണിയുകയാണ്. വി.ഐ.പികളെത്തുമ്പോൾ താമസിക്കുന്ന രാജ്ഭവൻ വളപ്പിലെ പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് ഇപ്പോൾ ഗവർണറുടെ താമസം. രാജ്ഭവനിലെ മച്ചിലെ മരപ്പട്ടി ശല്യം കാരണമാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. പൊട്ടിയ ഓടുകളെല്ലാം മാറ്റി, ചോർച്ച അടച്ച് നവീകരിക്കുകയാണ്. തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന വസതിയാണ് പ്രസിഡൻഷ്യൽ സ്യൂട്ടാക്കി മാറ്റിയത്. അനന്തപുരി സ്യൂട്ട് എന്നും പേരുണ്ട്. ആഡംബര സൗകര്യങ്ങളുള്ള വലിയ മുറിയും അതിനോട് ചേർന്ന് നാല് മുറികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുദിവസം ഇവിടെ തങ്ങിയിരുന്നു.