മലിനീകരണ നിയന്ത്രണ ബോർഡിന് വിമർശനം
കൊച്ചി: ഹൈക്കോടതി നിയോഗിച്ച ഉന്നതതല സമിതി റിപ്പോർട്ടിനൊപ്പം സമർപ്പിച്ച ബ്രഹ്മപുരത്ത് മാലിന്യ പ്ളാന്റിന്റെ ചിത്രങ്ങൾ കണ്ട് ആശങ്ക പ്രകടിപ്പിച്ച ഡിവിഷൻ ബെഞ്ച്, 30 വർഷം മുമ്പ് ഉപേക്ഷിച്ച ഏതോ ഫാക്ടറി പോലെയാണിതെന്ന് അഭിപ്രായപ്പെട്ടു. ഈ പ്ളാന്റിൽ എത്ര മാലിന്യം സംസ്കരിക്കാനാവുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻജിനീയറോട് കോടതി ആരാഞ്ഞു. നിലവിൽ കൊണ്ടുവരുന്നതിന്റെ 25 ശതമാനം മാത്രമാണെന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ വർഷങ്ങളായി ബാക്കി 75 ശതമാനം കൊണ്ടുവരുന്നതിനെതിരെ നിങ്ങളെന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ശാശ്വതമായ പരിഹാരം നിർദ്ദേശിക്കാൻ പത്തു ദിവസം സമയം വേണമെന്ന് ഓൺലൈനിൽ ഹാജരായ അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആവശ്യപ്പെട്ടു.