നഗരത്തെ സമരക്കടലാക്കി തയ്യൽത്താെഴിലാളികൾ

Tuesday 14 March 2023 1:39 AM IST

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വർദ്ധനയ്ക്കെതിരെയും ക്ഷേമനിധി ആനുകൂല്യം വെട്ടിക്കുറച്ചതിനെതിരെയും ഒാൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ മാർച്ചും ധർണയും നഗരത്തെ സമരക്കടലാക്കി. എ.കെ.ടി.എ ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള 3500 സ്വയം സഹായ സംഘങ്ങളിൽ നിന്നായി എണ്ണായിരത്തോളം അംഗങ്ങളാണ് വെയിലും ചൂടും വകവയ്ക്കാതെ സമരത്തിൽ പങ്കെടുത്തത്. വനിതാ അംഗങ്ങൾ കസവു സാരിയും ചുവന്ന ബ്ളൗസുമണിഞ്ഞെത്തി.

തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചില്ലെങ്കിൽ അടുത്ത സമരം തൊഴിൽ വകുപ്പ് മന്ത്രിയുടെ വീട്ടിനു മുന്നിൽ നടത്തുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു മുന്നറിയിപ്പ് നൽകി. എ.കെ.ടി.എ ജില്ലാ സെക്രട്ടറി രാധാ വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, എ.കെ.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സോമൻ, സംസ്ഥാന സെക്രട്ടറിമാരായ എം.കെ. പ്രകാശൻ, ജി. സജീവൻ, എ.എസ്. കുട്ടപ്പൻ, കെ.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. സതികുമാർ തുടങ്ങിയവർ പങ്കെടുത്തു.