വീണ്ടും റഫീഞ്ഞ, ബാഴ്സ മുന്നോട്ട്
ബിൽബാവോ: സ്പാനിഷ് ലാലിഗയിൽ ബ്രസീലിയൻ വിംഗർ റഫീഞ്ഞയുടെ സ്കോറിംഗ് മികവിൽ തുടർച്ചയായ രണ്ടാം ജയം നേടിയ ബാഴ്സോലണ കിരീടപ്പോരിൽ മുന്നോട്ട് കുതിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അത്ലറ്റിക് ക്ലബിനെയാണ് ബാഴ്സലോണ റഫീഞ്ഞയുടെ ഗോളിലൂടെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയത്. കഴിഞ്ഞ ദിവസം വലൻസിയക്കെതിരെയും റഫീഞ്ഞയുടെ ഗോളിന്റെ പിൻബലത്തിലാണ് ബാഴ്സ ഇതേ സ്കോറിൽ ജയിച്ചുകയറിയത്. അടുത്തയാഴ്ച റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ പോരാട്ടത്തിന് മുമ്പ് ബാഴ്സ താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നതായി ഈ വിജയം. അത്ലറ്റിക്ക് ക്ലബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പകുതിയുടെ അധിക സമയത്താണ് ബുസ്കറ്റ്സന്റെ തകർപ്പൻ പാസിൽ നിന്ന് മനോഹരമായ വലങ്കാലൻ ഷോട്ടിലൂടെ റഫീഞ്ഞ വലകുലുക്കിയത്. മറുവശത്ത് ബാൾ പൊസഷനിൽ പിന്നിലായിരുന്നെങ്കിലും അത്ലറ്രിക്ക് താരങ്ങൾ പലതവണ ഗോളവസരങ്ങൾ തുറന്നെടുത്തെങ്കിലും നിർഭാഗ്യവും ബാഴ്സാ ഗോളി ടെർസ്റ്റെഗന്റെ മിന്നൽ സേവുകളും അവർക്ക് വിലങ്ങ് തടിയാവുകയായിരുന്നു. 88-ാം മിനിട്ടിൽ ഇനാകി വില്യംസ് ബാഴ്സയുടെ വലകുലുക്കിയെങ്കിലും വാർഗോൾ നിഷേധിച്ചു. ഇനാകിയ്ക്ക് പന്ത് കിട്ടുന്നതിന് മുന്നിൽ മിഡ്ഫീൽഡിൽ വച്ച് അത്ലറ്രിക്കോയുടെ ഗോർക്ക ഗുരുസേറ്റയുടെ കൈയിൽ പന്ത് കൊണ്ടെന്ന് കണ്ടെത്തായാണ് വാർ ഗോൾ നിഷേധിച്ചത്.