ചൂടുകാലത്ത് വെള്ളംകുടിപ്പിച്ച് ചെറുനാരങ്ങ വില
പാലക്കാട്: കൊടുംചൂടിൽ വെന്തുരുകുന്ന ജനങ്ങളെ 'പിഴിഞ്ഞ്' ചെറുനാരങ്ങാ വില ഉയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലധികമായി. ശനിയാഴ്ച കിലോയ്ക്ക് 150 രൂപയായിരുന്നത് ഞായറാഴ്ച 10 രൂപ കൂടി 160ലെത്തി. ഒരു മാസം മുമ്പ് കിലോയ്ക്ക് 50 - 60 രൂപയായിരുന്നതാണ് ഇപ്പോൾ കുതിച്ചുയർന്നത്. ചൂടു കൂടിയതോടെ നാരങ്ങയുടെ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവർദ്ധനയ്ക്കു കാരണം. വിലവർദ്ധനവ് ബേക്കറികൾ, ജ്യൂസ് കടകൾ തുടങ്ങിയവർക്ക് തിരിച്ചടിയായിട്ടുണ്ട്.
വേനലിൽ പൊതുവേ ചെറുനാരങ്ങയുടെ വില വർദ്ധിക്കാറുണ്ടെങ്കിലും ഇത്തവണ പതിവിലും നേരത്തേ വില കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ വില കിലോഗ്രാമിന് 200 രൂപ കടന്നിരുന്നു. ഇതേത്തുടർന്നു ബേക്കറികളിൽ നാരങ്ങാവെള്ളം, സോഡാ നാരങ്ങാവെള്ളം എന്നിവയുടെ വിലയും കൂട്ടി.
ഒരു നാരങ്ങയ്ക്ക് 10 രൂപവരെ നൽകണം. ചില കടകൾ നാരങ്ങാവെള്ളത്തിന് 12- 20 രൂപ വരെ ഈടാക്കുന്നുണ്ട്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് നാരങ്ങ എത്തുന്നത്.
അച്ചാർ കച്ചവടത്തെയും ബാധിക്കും
അച്ചാർ ഉൽപാദനത്തെയും വിലവർദ്ധന ബാധിച്ചു തുടങ്ങി. തമിഴ്നാട്ടിലെ പുളിയം കുടിയിൽ നിന്നാണ് പ്രധാനമായും ഇപ്പോൾ നാരങ്ങയെത്തുന്നത്. ആന്ധ്രയിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവർദ്ധനയ്ക്കു കാരണമായി മൊത്തവ്യാപാരികൾ പറയുന്നത്. അധികം വൈകാതെ ചെറുനാരങ്ങയുടെ വരവ് വർദ്ധിക്കുമെന്നും വില കുറയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.