മദ്യപിച്ച് വാഹനമോടിച്ചു, സഹജീവനക്കാരനെ കൈയേറ്റം ചെയ്‌തു; അഞ്ച് കെഎസ്‌ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ

Tuesday 14 March 2023 8:26 PM IST

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ചതിനും സഹപ്രവർത്തകനെ കൈയേറ്റം ചെയ്‌തതിനും കെഎസ്‌‌ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. മദ്യപിച്ച് ബസോടിച്ചതിന് മൂന്ന് ഡ്രൈവർമാരെ സസ്‌പെൻഡ് ചെയ്‌തു. കോട്ടയം ജില്ലയിൽ വൈക്കം യൂണിറ്റിലെ ഡ്രൈവർ സി.ആർ ജോഷി, ഇടുക്കി തൊടുപുഴ യൂണിറ്റിലെ ലിജോ.സി ജോൺ, മല്ലപ്പള്ളിയിലെ വി.രാജേഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. മദ്യപിച്ച് ജോലിക്കുവന്നതിന് ഒരു ഡിപ്പോ ജീവനക്കാരനെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. പത്തനംതിട്ട ഗ്യാരേജിലെ സ്‌റ്റോർ ഇഷ്യുവറായ വി.ജെ പ്രമോദാണ് അച്ചടക്ക നടപടി നേരിട്ടത്. മാർച്ച് രണ്ടിന് മദ്യപിച്ച് ജോലിക്കെത്തിയ ഇയാളുടെ മോശം പെരുമാറ്റമാണ് സസ്പെൻഷന് ഇടയാക്കിയത്.

അന്താരാഷ്‌ട്ര വനിതാദിനത്തിൽ തൊടുപുഴയിൽ ക്യാബിനിൽ വച്ച് മീറ്റിംഗിനിടെ അസിസ്‌റ്റന്റ് ജാക്‌സൺ ദേവസ്യയുമായി വാക്കേറ്റം നടത്തിയ ശേഷം കൈയേറ്റം ചെയ്‌ത കുറ്റത്തിനാണ് തൊടുപുഴ ക്ളസ്‌റ്റർ ഓഫീസർ വി.ആർ സുരേഷ് (അസിസ്‌റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ) അച്ചടക്ക നടപടിയ്‌ക്കിരയായത്.

ഫെബ്രുവരി 13ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവർ സി.ആർ ജോഷിയും തൊടുപുഴയിലെ ലിജോ.സി ജോണും കുടുങ്ങിയത്. ജോഷിയും ലിജോയും ഇനി മദ്യപിച്ച് വാഹനമോടിക്കില്ലെന്ന് പൊലീസ് സ്‌റ്റേഷനിൽ ഇംപോസിഷൻ എഴുതിയത് വലിയ കളങ്കം കോർപറേഷനുണ്ടാക്കി എന്നാണ് പൊതുഅഭിപ്രായം. ഫെബ്രുവരി 21ന് കറുകച്ചാലിൽ നടത്തിയ വാഹനപരിശോധനയിലാണ് കോഴഞ്ചേരി-കോട്ടയം റൂട്ടിൽ വാഹനമോടിക്കുകയായിരുന്ന രാജേഷ് കുമാറിനെ പിടികൂടിയത്. പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്‌തു. പിന്നാലെയാണ് അച്ചടക്ക നടപടി.