മുനമ്പം ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് വേദനസംഹാരി കവർന്ന കേസ്: യുവാവ് പിടിയിൽ

Wednesday 15 March 2023 12:46 AM IST

വൈപ്പിൻ: മുനമ്പം സർക്കാർ ആശുപത്രിയിൽനിന്ന് ഡയസിപാം ആംപ്യൂളുകൾ കവർന്ന കേസിൽ യുവാവിനെ മുനമ്പം പൊലീസ് അറസ്റ്റുചെയ്തു. നായരമ്പലം പരിക്കാട് വീട്ടിൽ അജയകുമാറാണ് (29) അറസ്റ്റിലായത്. ആശുപത്രിയിൽ എത്തിയ യുവാവ് ഒ.പി ടിക്കറ്റ് വാങ്ങി ഡോക്ടറെ കാണാനെന്ന വ്യാജേന വിസിറ്റേഴ്‌സ് ലോഞ്ചിൽ ഇരുന്ന് മരുന്നുസൂക്ഷിക്കുന്ന ഇടവും നഴ്‌സുമാരുടെ നീക്കങ്ങളും നിരീക്ഷിച്ചശേഷം മറ്റൊരു ദിവസമെത്തിയാണ് മോഷണം നടത്തിയത്. സംശയം തോന്നിയ ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോൾ കുറവ് കണ്ടെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

മുനമ്പം പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞദിവസം ഇയാൾ വീണ്ടും ആശുപത്രിയിലെത്തിയതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ അറിയിച്ചു. സി.ഐ എ.എൽ. യേശുദാസ്, എസ്.ഐമാരായ ടി. എസ് .സനീഷ്, എം. അനീഷ്, എ.എസ്.ഐ ടി.എസ്. സിജു എന്നിവരെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.