'മിഷൻ സേഫ് ബ്രത്ത്' ഈസ് ഓവർ' ഫയർഫോഴ്സിന് ബിഗ് സല്യൂട്ട്

Wednesday 15 March 2023 12:51 AM IST

കൊച്ചി: അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത തീയണയ്ക്കൽ ദൗത്യമാണ് കഴിഞ്ഞ ഒന്നരയാഴ്ചയായി ബ്രഹ്മപുരത്ത് കണ്ടത്. മാർച്ച് 2ന് ഉച്ചയ്ക്കുശേഷം പ്ലാസ്റ്റിക് മാലിന്യ (ലെഗസി വേസ്റ്റ്) കൂമ്പാരത്തിൽ ആളിപ്പടർന്ന തീയണയ്ക്കാൻ ഓടിയെത്തിയ സേന ഇതുവരെയും സ്ഥലത്തുനിന്ന് മടങ്ങിയിട്ടില്ല. തിങ്കളാഴ്ച വൈകിട്ടോടെ തീയും പുകയും പൂർണ്ണമായും കെട്ടടങ്ങിയെങ്കിലും സ്ഥലത്ത് കുറച്ചുദിവസം കൂടി നിരീക്ഷണം തുടരാനാണ് സേനയുടെ തീരുമാനം.

കൊടുംചൂടിൽ ദുർഗന്ധവും മാരകവിഷപ്പുകയും ശ്വസിച്ചാണ് രാപ്പകൽ ഭേദമെന്യേ 'മിഷൻ സേഫ് ബ്രത്ത്' എന്ന ദൗത്യം സേന പൂർത്തിയാക്കിയത്. തുടക്കം മുതൽ നേതൃത്വം നൽകുന്ന എറണാകുളം റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, തൃക്കാക്കര സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീശൻ എന്നിവർ മുഴുവൻ സമയവും ബ്രഹ്മപുരത്ത് തുടരുകയാണ്.

നൂറിലേറെ സ്റ്റേഷനുകളിൽ നിന്നായി 400 സേനാംഗങ്ങളും 659 സിവിൽ ഡിഫൻസ് വൊളന്റിയർമാരുമാണ് ഇതുവരെ പങ്കാളികളായത്. നാല് വാട്ടർ ബൗസർ ഉൾപ്പെടെ 25 ഫയർ ടെൻഡറുകളും 14 ഹൈ പ്രഷർ പമ്പുകളും നിരവധി എസ്കവേറ്ററുകളും ഉപയോഗിച്ചായിരുന്നു ഫയർഫൈറ്റിംഗ്. രക്ഷാദൗത്യം വിജയകരമായി പൂർത്തിയായതോടെ ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തിയ ഉദ്യോഗസ്ഥരും അടുത്തദിവസം അതത് സ്റ്റേഷനുകളിലേക്ക് മടങ്ങും.

മറ്റ് ജില്ലകളിൽ നിന്നുള്ള റീജിയണൽ ഫയർ ഓഫീസർമാരായ അരുൺകുമാർ, ഷിജു, എം.ബി. രാജേഷ്, ദിലീപൻ എന്നിവരും ജില്ലാ ഫയർ ഓഫീസർമാരായ രാം കുമാർ, റെജി വി. കുര്യാക്കോസ്, അഷറഫ് അലി, അരുൺ ഭാസ്കർ, അഭിലാഷ്, ഋതിജ് എന്നിവരും രണ്ടുദിവസം വീതം രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയിരുന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് വിശ്രമിക്കാനൊരു തണലോ ആവശ്യത്തിന് കുടിവെള്ളമോ കിട്ടാതെയായിയിരുന്നു ആദ്യ ദിവസങ്ങളിലെ പോരാട്ടം.

ആളിക്കത്തുന്ന തീയിൽനിന്ന് കറുത്ത വിഷപ്പുക അന്തരീക്ഷമാകെ വ്യാപിച്ചു നിൽക്കുമ്പോൾ സുരക്ഷാമാസ്ക് പോലും ഉണ്ടായിരുന്നില്ല. ജോലിസ്ഥലത്ത് ഭക്ഷണം എത്തിച്ചുനൽകിയെങ്കിലും കൈകഴുകാൻ സോപ്പോ ലോഷനൊ കിട്ടിയില്ല. മാലിന്യമലയിലെ മനംപുരട്ടുന്ന ചുറ്റുപാടിലിരുന്ന് ഭക്ഷണം കഴിച്ചത് വിശപ്പിന്റെ കാഠിന്യം കൊണ്ടു മാത്രമായിരുന്നു. ബി.പി.സി.എൽ, നേവി, പോർട്ട് ട്രസ്റ്റ് വിഭാഗങ്ങളിലെ അഗ്നിസുരക്ഷാ വിഭാഗവും ഫയർഫോഴ്സിനെ സഹായിക്കാൻ എത്തിയിരുന്നു. സ്ഥിതി നിയന്ത്രണവിധേയമായതോടെ ഈ വിഭാഗങ്ങളെ മടക്കി അയച്ചു.