എസ്.ബി.ഐ ജീവനക്കാർ മാർച്ച് 30ന് പണിമുടക്കും

Wednesday 15 March 2023 12:00 AM IST

തിരുവനന്തപുരം: ജീവനക്കാരെ മാർക്കറ്റിംഗ് ജോലിക്ക് നിയോഗിക്കുന്നതിനെതിരെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആഹ്വാന പ്രകാരം മാർച്ച് 30ന് പണിമുടക്കും. ഇതേ ആവശ്യമുന്നയിച്ച് ഫെബ്രുവരി 24 ന് ജീവനക്കാർ പണിമുടക്കിയിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ പണിമുടക്കിയ ജീവനക്കാർക്കെതിര ശിക്ഷാ നടപടികളുമായി ബാങ്കധികാരികൾ രംഗത്തു വന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്ന് ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ പറഞ്ഞു. മാർച്ച് 16ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും 19ന് എറണാകുളത്ത് സമര വിളംബര സമ്മേളനവും 22 ന് സായാഹ്ന ധർണകളും 29 ന് റാലികളും നടത്തും.