പുകയടങ്ങി; പ്ളാസ്റ്റിക് മാലിന്യം എന്തുചെയ്യുമെന്നറിയാതെ ജനം

Wednesday 15 March 2023 12:57 AM IST

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും കെട്ടടങ്ങി. വീടുകളിൽ നിന്ന് ജൈവമാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങി. എന്നാൽ പ്ളാന്റിൽ ഇനി പ്ളാസ്റ്റിക് കയറ്റില്ലെന്ന അറിയിപ്പുണ്ടായ സാഹചര്യത്തിൽ വീട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ജനം. സാനിറ്ററി പാഡുകൾ, കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ഡയപ്പറുകൾ എന്നിവയുടെ സംസ്കരണമാണ് ഏറ്റവും വലിയ തലവേദന. പ്ളാസ്റ്റിക് ശേഖരിക്കാൻ ക്ളീൻ കേരള സന്നദ്ധത അറിയിച്ചതായി കോർപ്പറേഷൻ അധികൃതർ പറയുന്നു. എന്നാൽ എന്നുമുതൽ ആരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

അഞ്ച് മുനിസിപ്പാലിറ്റികളും മൂന്നു പഞ്ചായത്തുകളും ബ്രഹ്മപുരത്താണ് മാലിന്യം തള്ളിയിരുന്നത്. മാലിന്യ സംസ്കരണത്തിനായി ബദൽ മാർഗങ്ങൾ തേടണമെന്ന് കോർപ്പറേഷൻ ഈ തദ്ദേശ സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്.

പരിസ്ഥിതിക്ക് വിനാശകരമായ പ്ളാസ്റ്റിക് മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സിയാൽ, ബി.പി.സി.എൽ, കുസാറ്റ്, ഐ.എസ്.ആർ.ഒ , ഗെയിൽ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുടെ ഉപദേശം തേടണമെന്ന് അഭിപ്രായമുണ്ട്.

ബ്രഹ്മപുരത്തേക്കുള്ള മാലിന്യത്തിന്റെ അളവു കുറയ്ക്കാനാണ് ശ്രമം. ഉറവിട മാലിന്യ സംസ്കരണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രാധാന്യം .സബ്സിഡി നിരക്കിൽ ഇരുനൂറു രൂപയ്ക്ക് വീടുകളിൽ ബയോബിന്നുകൾ നൽകും. ഇതുമായി ജനങ്ങൾ സഹകരിക്കണം. മാലിന്യസംസ്കരണ സംവിധാനമില്ലാത്ത ഫ്ളാറ്റുകളും ഹോട്ടലുകളും അതിനുള്ള നടപടികൾ സ്വീകരിക്കണം. ഇത് ഏതെങ്കിലും വിഭാഗത്തോടുള്ള യുദ്ധപ്രഖ്യാപനമല്ല. ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

മേയർ എം. അനിൽകുമാർ

2016ലെ ഖരമാലിന്യ സംസ്കരണനിയമ പ്രകാരം മാലിന്യസംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. ദശാബ്ദങ്ങളായി കേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് കോർപ്പറേഷനിൽ നടത്തി വരുന്നത്. ബ്രഹ്മപുരത്ത് 110 ഏക്കർ ഭൂമി വാങ്ങി പ്ലാന്റ് സ്ഥാപിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്.
മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം . ഒരു മാസം കൊണ്ട് ഉറവിട സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പറയുന്നത് അപ്രായോഗികമാണ്. കൊച്ചിയിലെ രണ്ടു ലക്ഷം കുടുംബങ്ങൾക്ക്
2500 രൂപ ചെലവ് വരുന്ന ബയോബിന്നുകൾ നൽകണമെങ്കിൽ 50 കോടി രൂപയെങ്കിലും ചെലവ് വരും. സാമ്പത്തിക ബാദ്ധ്യതയിൽ നട്ടംതിരിയുന്ന കോർപ്പറേഷന് ഇത് നടപ്പാക്കാനാവില്ല.

വീടുകളിൽ ബയോബിന്നുകൾ സ്ഥാപിക്കുന്നതു വരെ ജൈവമാലിന്യങ്ങൾ ബ്രഹ്മപുരത്ത് സംസ്‌കരിക്കണം. ഡിവിഷൻ തലങ്ങളിൽ എം.സി.എഫുകൾ സ്ഥാപിച്ച് പ്ലാസ്റ്റിക്ക് സംസ്കരിക്കണം.

ആന്റണി കുരിത്തറ

പ്രതിപക്ഷ നേതാവ്

ധാരാളം ആളുകൾ വന്നുപോകുന്ന നഗരമായതിനാൽ കേന്ദ്രീകൃത മാലിന്യസംസ്കരണം ഉപേക്ഷിക്കാൻ കൊച്ചിക്ക് കഴിയില്ല. അതേസമയം ഉറവിട മാലിന്യ സംവിധാനങ്ങൾ ഇനിയെങ്കിലും തുടങ്ങിയേ മതിയാവൂ. എന്നാൽ ഇതിനാവശ്യമായ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. മാലിന്യത്തെ സംബന്ധിച്ച് നയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചു.

രംഗദാസ പ്രഭു

എഡ്രാക് പ്രസിഡന്റ്

Advertisement
Advertisement