സോൺട ഇൻഫ്രാടെക്ക് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ടോണി ചമ്മിണി

Wednesday 15 March 2023 12:22 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ വിഷയത്തിൽ സോൺട ഇൻഫ്രാസ്ട്രക്ചറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സി.പി.എം ഭയപ്പെടുത്തുന്നുവെന്ന് മുൻ കൊച്ചി മേയർ ടോണി ചമ്മണി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ ഭയപ്പെടുത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഭയപ്പെടുത്തി പിന്മാറ്റാനാവില്ലെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ടോണി ചമ്മണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒന്നര വർഷം മുൻപ് ഇതേ വിഷയത്തിൽ ആരോപണം ഉന്നയിച്ചപ്പോൾ സോൺട തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ടോണി ആരോപിച്ചു.

സോൺട എം.ഡി രാജ്കുമാർ ചെല്ലപ്പനാണ് ഒരു ഇടനിലക്കാരൻ വഴി തന്നെ അന്ന് സമീപിച്ചത്. മലബാർ മേഖലയിലെ മുൻ എം.പിയുടെ സന്തത സഹചാരിയായ എറണാകുളത്തുള്ള ഒരു സിനിമ നിർമ്മാതാവായിരുന്നു ഇടനിലക്കാരനെന്നും ടോണി ചമ്മിണി പറഞ്ഞു.

2011 മുതൽ മാത്രമല്ല 2008 മുതൽ കൊച്ചി കോർപ്പറേഷൻ ഈ വിഷയത്തിൽ നടത്തുന്ന ഇടപെടൽ എന്താണെന്ന് പരിശോധിക്കണം. ബ്രഹ്മപുരം പ്ലാന്റിനുള്ള ഇടപെടൽ തുടങ്ങിയത് 2008ലാണ്. അന്ന് കോർപ്പറേഷൻ ഭരിച്ചത് സി.പി.എം ഭരണ സമിതിയായിരുന്നു. സോൺടയുടെ എതിരാളിയായ കമ്പനിയുടെ ഉടമ തന്റെ ബന്ധുവാണെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് സി.പി.എം ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ഏതു തരത്തിലുള്ള ബന്ധമാണ് ആ കമ്പനിയുമായി തനിക്കുള്ളതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്കെതിരായ ആരോപണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ടോണി ചമ്മണി പറഞ്ഞു.