ഓമല്ലൂർ വയൽവാണിഭത്തിന് ഇന്ന് തുടക്കം

Wednesday 15 March 2023 12:38 AM IST
വയൽ വാണിഭ സ്മൃതി മണ്ഡപമായ പാലമരച്ചോട്ടിൽ ദീപശിഖ സ്ഥാപിക്കുന്നു

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ ഓമല്ലൂർ വയൽവാണിഭം ഇന്ന് തുടങ്ങും. കൊല്ലം ജില്ലയിലെ വെളിനെല്ലൂർ ഗ്രാമപഞ്ചായത്തിലെ തെക്കേവയലും ഓമല്ലൂരിലെ വയലേലകളുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ സ്മരണകൾ അയവിറക്കിക്കൊണ്ടാണ് ഇക്കൊല്ലവും മേള ആരംഭിക്കുന്നത്.

ഇന്ന് പുലർച്ചെ കാലിച്ചന്ത ആരംഭിക്കും. കാലിച്ചന്തയിലെത്തുന്ന മികച്ച രണ്ടു കറവപ്പശുക്കൾ, കാള, പോത്ത്, ആട് എന്നിവയുടെ ഉടമകൾക്ക് അവാർഡുകൾ നൽകും. കാർഷിക വിപണനമേള രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഓമല്ലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തംഗങ്ങൾ, കർഷകസംഘം ഭാരവാഹികൾ, കൃഷിവകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കാർഷിക സെമിനാർ നടക്കും. വൈകിട്ട് 4.30ന് സാംസ്‌കാരിക ഘോഷയാത്ര പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നാരംഭിക്കും. പുലികളി, ഉഴവുകാളകൾ, ഉരുക്കൾ, തെയ്യക്കോലങ്ങൾ, കുടുംബശ്രീയുടെ പ്ലോട്ടുകൾ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. പുലികളി സമ്മേളനവേദിയിലും അവതരിപ്പിക്കും. 5.30ന് സാംസ്‌കാരിക സമ്മേളനത്തിൽ വയൽ വാണിഭത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിക്കും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് ചലച്ചിത്ര പിന്നണി ഗായകരായ ആതിര സുരേഷ്, കേരളപുരം ശ്രീകുമാർ എന്നിവർ നയിക്കുന്ന ഗാനമേളയും നടക്കും. 19ന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തും. കാർഷികവിളകളുടെ വൻശേഖരം വാണിഭത്തിലുണ്ടാകും. വിവിധയിനം പച്ചക്കറി തൈകൾ, സ്വകാര്യ നഴ്‌സറികളുടെ ചെടിവില്പന, അടുക്കള ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ മേളയിൽ വില്പനയ്ക്കുണ്ടാകും. വാണിഭം ഒരുമാസത്തോളം നീണ്ടുനിൽക്കും. കന്നുകാലി വില്പനയ്‌ക്കൊപ്പം കാളവണ്ടികൾ, ഉഴവുകാളകൾ ഇവയുടെ പ്രദർശനവും ക്രമീകരിക്കും. സെമിനാറുകൾ, കലാസന്ധ്യ എന്നിവയും നടക്കും.

ഒാമല്ലൂരിൽ ഇന്ന് പുലികളിറങ്ങും

പത്തനംതിട്ട : വയൽ വാണിഭത്തിന്റെ സാംസ്‌കാരിക സന്ധ്യകളുടെ കൂടി തുടക്കം കുറിക്കുന്ന ഇന്ന് ആഘോഷങ്ങൾക്ക് നിറവേകാൻ തൃശൂരിൽ നിന്ന് പതിനൊന്നംഗ പുലിക്കൂട്ടമെത്തും. ഒപ്പം തെയ്യക്കോലങ്ങളും അണിനിരക്കും. വൈകിട്ട് അഞ്ചരയ്ക്ക് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ഇന്നലെ രാവിലെ കൊല്ലം ജില്ലയിലെ വെളിനല്ലൂർ പഞ്ചായത്തിൽ പഞ്ചായത്ത് ഭരണ സമിതിയും ശ്രീരാമസ്വാമി ക്ഷേത്ര ഭാരവാഹികളും ചേർന്ന് ഓമല്ലൂർ സംഘത്തെ ആഘോഷപൂർവ്വം സ്വീകരിച്ചു. ശ്രീരാമക്ഷേത്ര സന്നിധിയിൽ നിന്ന് തെളിച്ചുതന്ന

ദീപശിഖ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.അൻസർ, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ അഡ്വ.ജോൺസൺ വിളവിനാലിന് കൈമാറി. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം വൈകിട്ടോടെ വയൽ വാണിഭ സ്മൃതി മണ്ഡപമായ പാലമരച്ചോട്ടിൽ ദീപശിഖ സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ ,വൈസ് പ്രസിഡന്റ് സ്മിതാസുരേഷ് . ജനറൽ കൺവീനർ ബൈജു ഓമല്ലൂർ, പഞ്ചായത്ത് സെക്രട്ടറി പി.രാജീവ്, പ്രസന്നകുമാരൻ.വി.കെ, സുരേഷ് ഓലിത്തുണ്ടിൽ, സാലിതോമസ്, അഭിലാഷ് ഓമല്ലൂർ, സുബിൻ തോമസ്, സജി വർഗീസ്, അമ്പിളി.കെ , അമ്പിളി.കെ.എൻ, അനിൽകുമാർ മുട്ടത്ത്, സജയൻ ഓമല്ലൂർ, അന്നമ്മ റോയി, റിജു കോശി, ടി.പി.ഹരിദാസൻ നായർ , പ്രദീപ്.കെ, അജയൻ.കെ.സി, സുരേഷ് പുളിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.