കൂട്ടിന് പ്രാവുകൾ നൂറിലേറെ, വാത്സല്യത്തോടെ വത്സല

Wednesday 15 March 2023 12:46 AM IST

റാന്നി : ഒറ്റയ്ക്കാണ് ജീവിതമെങ്കിലും വത്സല ഒരിക്കലും ഒറ്റപ്പെടുന്നില്ല. ലോട്ടറി തൊഴിലാളിയായ ചേത്തയ്ക്കൽ വെമ്പാലപ്പറമ്പിൽ സി.എസ്.വത്സലയ്ക്ക് കൂട്ടായി ഒരു വാത്സല്യസേന തന്നെയുണ്ട്. പെരുനാട് മാർക്കറ്റിൽ ദിവസവും രാവിലെ പത്തരയോടെ എത്തിയാൽ കരുതലിന്റെ ആ അപൂർവ കാഴ്ച കാണാം. മാർക്കറ്റിലെ നൂറിൽ അധികം പ്രാവുകൾക്ക് അന്നംനൽകുന്ന അമ്മക്കിളിയാണ് ഇവർ.

പ്രാവുകളും വത്സലയും തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ നിരവധിപേർ ഇവിടെ തടിച്ചുകൂടാറുമുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് അന്യസംസ്ഥാനത്ത് നിന്ന് എത്തിയ അയ്യപ്പന്മാർ ഉൾപ്പടെ വത്സലയുടെയും പ്രാവുകളുടെയും ചിത്രങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ജീവിത ദുരിതങ്ങളാണ് ലോട്ടറി വിൽപ്പനക്കാരിയാക്കിയതെങ്കിലും പ്രാവുകൾക്കൊപ്പം സമയം ചെലവിടാനാകുന്നതിൽ സന്തോഷമുണ്ടെന്ന് വത്സല പറഞ്ഞു.

ഇപ്പോൾ വെച്ചൂച്ചിറ മണ്ണടിശ്ശാലയിൽ വാടകവീട്ടിൽ താമസിക്കുന്ന വത്സല രാവിലെ ആറരയോടെ ലോട്ടറി വിൽപ്പനയ്ക്കായി ഇറങ്ങും. ഇതിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നുമാണ് നൂറിൽപരം പ്രാവുകൾക്ക് തീറ്റ നൽകുന്നത്. കടലയും ഗോതമ്പുമാണ് പ്രധാനമായും നൽകുക. നൂറ് രൂപയിലേറെ ദിവസവും തീറ്റയ്ക്കായി ചെലവിടുന്നുമുണ്ട്. രാവിലെ അത്തിക്കയം മേഖലയിൽ വിൽപ്പന നടത്തിയ ശേഷമാണ് പെരുനാട്ടിൽ എത്തുക. വഴിമദ്ധ്യേ ലോട്ടറി തീർന്നാലും പ്രാവുകൾക്ക് നൽകാറുള്ള തീറ്റ മുടക്കാറില്ല. ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന വത്സലയ്ക്ക് മകൾ മാത്രമാണുള്ളത്. വിവാഹിതയായ മകൾ പാലക്കാട് ആയതിനാൽ വത്സല ഒറ്റയ്ക്കാണ് താമസം. പന്ത്രണ്ട് വർഷത്തോളമായി ലോട്ടറി വിൽപ്പന നടത്തുന്ന വത്സലയുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി വീടെന്നതാണ്.

Advertisement
Advertisement