മലയോരവും കടന്ന് ജനകീയ പ്രതിരോധ ജാഥ, കേരളം ഏറ്റവും സന്തോഷമുള്ള സംസ്ഥാനം: എം.വി.ഗോവിന്ദൻ

Wednesday 15 March 2023 12:50 AM IST

പത്തനംതിട്ട : രാജ്യത്ത് ഏറ്റവും സന്തോഷമുള്ള സംസ്ഥാനമാണ് കേരളമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വൻകിട പദ്ധതികൾ ഉൾപ്പെടെ സർക്കാർ മുന്നോട്ട്‌ വച്ച നവകേരള പദ്ധതിയിലൂടെ ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പം എത്തിച്ചാണ് ഹാപ്പിനസ് നേടി എടുക്കുന്നത്. പഠനവും വിദ്യാഭ്യാസവും ഭക്ഷണ വസ്ത്ര സ്വാതന്ത്ര്യവും ലഭിക്കുന്ന കേരളത്തിലാണ് സന്തോഷാത്മകമായ ജീവിതമുള്ളത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 52 ശതമാനം പട്ടിണിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെഗറ്റീവ് ചിന്തകളിൽ നിന്ന് പോസിറ്റീവ് കാര്യങ്ങളിലേക്ക് നയിക്കാനാവുന്ന പ്രവർത്തനങ്ങൾ ഇവിടെ മാത്രമാണ് നടക്കുന്നത്. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ 12.5 ശതമാനം ആയിരുന്നത് 7.5 ആയി കുറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ രണ്ടാംദിവസത്തെ ആദ്യ സ്വീകരണ പരിപാടി നടന്ന പത്തനംതിട്ടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഒരു പ്രവണതകളെയും ഈ പാർട്ടി ന്യായീകരിക്കില്ല. തെറ്റുകളുണ്ടായാൽ തിരുത്തി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് ഗോവിന്ദൻ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു. മാനേജർ പി.കെ.ബിജു, ജാഥാംഗങ്ങളായ സി.എസ്.സുജാത, എം.സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി.ജലീൽ, കേന്ദ്ര കമ്മിറ്റിയംഗം ഡോ.ടി.എം.തോമസ് ഐസക്, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, കെ.സി.രാജഗോപാലൻ, മന്ത്രി വീണാ ജോർജ്, എസ്.നിർമലാദേവി, ടി.ഡി.ബൈജു, പി.ആർ.പ്രസാദ്, പി.ആർ.പ്രദീപ്, എം.വി.സഞ്ജു, ടി.വി.സ്റ്റാലിൻ, പി.സി. സുരേഷ് കുമാർ, ബാബു കോയിക്കലേത്, ആർ.അജയകുമാർ, അഡ്വ.പീലിപ്പോസ് തോമസ്, അഡ്വ.ടി.സക്കീർ ഹുസൈൻ, പി.ബി.സതീഷ് കുമാർ, ലസിതാനായർ, ഫാ.മാത്യൂസ് വാഴക്കുന്നം, പ്രൊഫ.ടി.കെ.ജി നായർ, അമൃതം ഗോകുലൻ എന്നിവർ പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ എ.പത്മകുമാർ സ്വാഗതവും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.സജികുമാർ നന്ദിയും പറഞ്ഞു.