മൊത്തവില പണപ്പെരുപ്പം കുത്തനെ താഴ്ന്നു

Wednesday 15 March 2023 1:52 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തവില സൂചിക (ഡബ്ല്യു.പി.ഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ നാല് ശതമാനത്തിന് താഴെയായി കുറഞ്ഞു, വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞമാസം ഇത് 3.85 ശതമാനമായി രേഖപ്പെടുത്തി, ജനുവരിയിൽ മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പം 4.73 ശതമാനമായിരുന്നു. കഴിഞ്ഞ 25 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. 2021 ജനുവരിയിൽ 2.51 ശതമാനമായിരുന്നു മൊത്ത വില പണപ്പെരുപ്പം.

ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, ഭക്ഷ്യേതര വസ്തുക്കൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, ധാതുക്കൾ, കംപ്യൂട്ടർ, ഇലക്ട്രോണിക്, ഒപ്റ്റിക്കൽ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, രാസ ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിലയിടിവാണ് 2023 ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാന കാരണം.

ഭക്ഷ്യ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2023 ജനുവരിയിൽ 2.95 ശതമാനമായിരുന്നത് ഫെബ്രുവരിയിൽ 2.76 ശതമാനമായി കുറഞ്ഞത് നേട്ടമാണ്.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കഴിഞ്ഞ മാസം കുറവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ 6.44 ശതമാനമായിരുന്നുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കിയിരുന്നു. എങ്കിലും ഇത് തുടർച്ചയായി രണ്ടാം മാസവും റിസർവ് ബാങ്കിന്റെ കംഫർട്ട് ലെവലായ 6 ശതമാനത്തിന് മുകളിലാണ്. അതുകൊണ്ടുതന്നെ ഇത് ആറ് ശതമാനത്തിൽ താഴെയെത്തിക്കാൻ അടുത്ത മാസം നടക്കുന്ന പണനയ അവലോകോകന യോഗത്തിൽ റിപ്പോ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമെന്നാണ് സൂചന.

Advertisement
Advertisement