ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് വ്യവസായ പാർക്കുകൾ തുടങ്ങും: മന്ത്രി പി.രാജീവ്

Wednesday 15 March 2023 2:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികമുള്ള സ്ഥലം ഉപയോഗപ്പെടുത്തി വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. മുമ്പ് കോളേജുകൾ തുടങ്ങാൻ കൂടുതൽ ഭൂമി ആവശ്യമായിരുന്നതിനാൽ പല എൻജിനിയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട്. ഈ സ്ഥലമാണ് പാർക്കുകൾക്കായി എടുക്കുക.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുന്ന ഗവേഷണ ഫലങ്ങളെ അടിസ്ഥാനമാക്കി വ്യവസായിക ഉദ്പ്പാദനത്തിന് ഇവിടെ പ്രത്യേക പരിഗണന നൽകും. ഈ കോളജുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വ്യവസായ പാർക്കുകളിൽ ജോലി ചെയ്ത് വരുമാനവുമുണ്ടാക്കാം. ഇത് സംബന്ധിച്ച് ആദ്യം ലഭിച്ചത് എം.ജി സർവകലാശാലയുടെ പ്രൊപ്പോസലാണെന്നും ഇത് സർക്കാറിന്റെ പരിഗണനയിലാണെന്നും ധനാഭ്യർഥ ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
വ്യവസായ രംഗത്തെ കാലഹരണപ്പെട്ട 35 നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ നിയമപരിഷ്കാര കമ്മീഷൻ തയ്യാറാക്കിക്കഴിഞ്ഞു. സൂക്ഷ്മചെറുകിട ഇടത്തരം സംരംഭകർക്ക് ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തും. സംരംഭകർക്ക് ആത്മവിശ്വാസം പകരുന്നതിനാണിത്. കോട്ടയത്തെ റബർ കമ്പനി ഈ വർഷം പ്രവർത്തനം തുടങ്ങും. അടുത്ത വർഷം 30 സ്വകാര്യ പാർക്കുകൾ കൂടി ആരംഭിക്കും. കെൽട്രോണിനെ അടുത്ത വർഷം 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കും. സംരംഭക മേഖലയുടെ വളർച്ച 17.3 ശതമാനമാണ്. ഉത്പാദന മേഖലയിൽ മാത്രം 18.9 ശതമാനമാണ് വളർച്ച.

മൂന്നര വർഷത്തോളം പൂട്ടിക്കിടന്ന വെള്ളൂരിലെ പേപ്പർനിമാണ സ്ഥാപനം വീണ്ടും തുറക്കാനായത് സർക്കാരിന്റെ നേട്ടമാണ്. 22 പത്രസ്ഥാപനങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുന്ന പേപ്പർ ഉപയോഗിക്കുന്നു. നടപ്പു സാമ്പത്തിക വർഷം 40 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. പ്രിമിയം പ്രോഡക്റ്റുകൾ കൂടി ഇവിടെ ഉത്പാദിപ്പിക്കും. അടുത്ത വർഷത്തോടെ 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കേരള പേപ്പർ പ്രോഡക്റ്റ്സിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായവുമായി ബന്ധപ്പെട്ട് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഈ നിയമത്തിനെ അടിസ്ഥാനപ്പെടുത്തി ഇളവുകൾ നൽകാവുന്ന വ്യവസ്ഥകൾ നടപ്പിലാക്കുന്നത് പരിഗണിക്കും. ഇതിനായി മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വ്യവസായമന്ത്രിയും യോഗം ചേർന്നിരുന്നു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും സെക്രട്ടറിയുമടങ്ങുന്ന കമ്മിറ്റിക്ക് ഇളവുകൾക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ തയ്യാറാക്കിയിട്ടുണ്ട്. കാബിനറ്റ് അംഗീകരിക്കുന്നതോടെ ഇത് പ്രബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement