സ്വർണവില വീണ്ടും കുതിക്കുന്നു; പവന് 42,​520ലെത്തി

Wednesday 15 March 2023 2:55 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 42,000 കടന്ന് വീണ്ടും കുതിക്കുന്നു. ഇന്നലെ 22 ക്യാരറ്റ് സ്വർണത്തിന്റെ വില പവന് ഒറ്റയടിക്ക് 560 രൂപ വർധിച്ച് 42,520 രൂപയിലെത്തി. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 5,315 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി 800 രൂപയുടെ വർദ്ധന. അഞ്ച് ദിവസംകൊണ്ട് 1840 രൂപയാണ് കൂടിയത്. 24 കാരറ്റ് സ്വർണം പവന് 608 രൂപ വർദ്ധിച്ച് 46,384 രൂപയാണ് ഇന്നലെത്തെ വില. ഗ്രാമിന് 76 രൂപ വർദ്ധിച്ച് 5,798 രൂപയായി. ഈമാസം ഒന്നിന് 41,​280 രൂപയായിരുന്നു പവന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ ഏറ്റക്കുറച്ചിലിനൊടുവിൽ മാർച്ച് ഒമ്പതിന് ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വീണ്ടും വില കുതിച്ചു. ഇന്നലെത്തെ വില വർദ്ധനയോടെ ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന വിലയിലാണ് എത്തിയത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കേരളത്തിൽ റെക്കോഡ് തുകയായ 42,​880 രൂപയായിരുന്നു.

ആഗോള സാമ്പത്തിക അസ്ഥിരത തുടരുകയും രണ്ട് അമേരിക്കൻ ബാങ്കുകൾ തകർന്നതും നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകളെത്തുന്നതും വില കൂടുന്നതിന് കാരണമായി. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിലയിരുത്തൽ.

വെള്ളി വിലയും കൂടി

സ്വർണ വില കൂടിയതിനോടൊപ്പം വെള്ളിയുടെ വിലയിലും ഇന്നലെ വർധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 20 രൂപ വർധിച്ച് 576 രൂപയും ഗ്രാമിന് 2.50 രൂപ വർധിച്ച് 72 രൂപയുമാണ് വിപണി വില. ഹോൾമാർക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 90 രൂപയാണ്.