ഫ്ളാറ്റ് വില്പന: സ്റ്റാമ്പ് ഡ്യൂട്ടി ഏഴ് ശതമാനമാക്കി

Wednesday 15 March 2023 12:04 AM IST

തിരുവനന്തപുരം: പുതിയ ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകൾക്കുമുള്ള സ്റ്റാമ്പ് ഡ്യൂട്ടി അഞ്ചിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തി.

ഏപ്രിൽ ഒന്നു മുതൽ ഇത് നിലവിൽ വരും. പുതിയ ഫ്ളാറ്റുകളടക്കം ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്നതിനുള്ള മുദ്രപത്ര ഇളവ് പിൻവലിച്ചുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണിത്. വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ഇളവ് പിൻവക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 50 ലക്ഷം രൂപ വിലയുള്ള ഫ്ളാറ്റ് കൈമാറുമ്പോൾ നൽകിയിരുന്ന 2.5 ലക്ഷത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഏപ്രിൽ മുതൽ 3.5 ലക്ഷമാകും. ആറുമാസത്തിന് ശേഷം ഫ്ളാറ്റുകൾ കൈമാറുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി തുടരും. റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം ഒഴിവാക്കാൻ 2010 മാർച്ചിലാണ് പുതിയ ഫ്ളാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനമാക്കി ചുരുക്കിയത്.

Advertisement
Advertisement