സോൺട കരാറിൽ കടുത്ത അതൃപ്തി: പണം ആർക്കെല്ലാം  കൊടുത്തു? കണക്കുചോദിച്ച് ഹൈക്കോടതി

Wednesday 15 March 2023 12:02 AM IST

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് സോൺട കമ്പനിയുമായുള്ള കരാറിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, കൈമാറിയ തുകയുടെ കണക്കു ഹാജരാക്കാൻ കൊച്ചി നഗരസഭാ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി.

മാലിന്യ നീക്കംമുതൽ സംസ്കരണംവരെയുള്ള കാര്യങ്ങൾക്ക് ആർക്കൊക്കെ എത്ര തുകവീതം നൽകിയെന്ന് ഈ മാസം 21ന് കോടതിയെ അറിയിക്കണം.

ചെറിയൊരു സ്ഥലം വാങ്ങുന്നതിനുപോലും ഇതിനേക്കാൾ മെച്ചപ്പെട്ട കരാർ ഉണ്ടാക്കില്ലേയെന്ന് വാക്കാൽ ചോദിച്ചു. കരാർ ലംഘനം നടത്തിയാലുള്ള ശിക്ഷാ നടപടികളും പ്രോസിക്യൂഷൻ നടപടികളും കരാറിൽ പറയുന്നില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

ബ്രഹ്മപുരം പ്ളാന്റിലെ തീപിടിത്തത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിൽ ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

ജൈവമാലിന്യ സംസ്കരണത്തിന്റെ കണക്കുകൾ മാത്രമാണ് കോർപ്പറേഷൻ ഹാജരാക്കിയത്. 31 കോടി രൂപയാണ് ഈ ഇനത്തിൽ നൽകിയതെന്നും മറ്റു മാലിന്യങ്ങളുടെ സംസ്കരണത്തിന് പ്രതിമാസം 30 ലക്ഷം രൂപ വീതം നൽകുന്നുണ്ടെന്നും കോടതിയിൽ ഹാജരായ നഗരസഭാ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ വിശദീകരിച്ചു. ഈ ഘട്ടത്തിലാണ് ആർക്കൊക്കെ എത്ര തുക നൽകിയെന്ന കണക്കുകൾ നൽകാൻ ഉത്തരവിട്ടത്. കാലാവധി കഴിഞ്ഞപ്പോൾ കരാർ തുടരേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും നഗരസഭാ കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ലെന്നും സെക്രട്ടറി പറഞ്ഞു. പുതിയ കരാറിന് ടെണ്ടർ വിളിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചപ്പോൾ വിശദാംശങ്ങൾ നൽകാൻ കോടതി നിർദ്ദേശിച്ചു.

Advertisement
Advertisement