റോഡുപണി തകൃതി.. പക്ഷേ, പണി കാത്ത് പാലം
മല്ലപ്പള്ളി :മല്ലപ്പള്ളി - എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറ്റൻകുടി പാലം അപകടാവസ്ഥയിൽ . .72 വർഷത്തിനുമുകളിൽ പഴക്കമുള്ള പാലമാണ്. പലഭാഗത്തും കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് ഇളകി വീണു. 5 മീറ്റർ നീളവും 9 മീറ്റർ വീതിയുമുള്ള പാലം 12 മീറ്റർ ഉയരത്തിൽ ഇരുകരകളിൽ കരിങ്കൽ ഭിത്തിയിലാണ് നിർമ്മിച്ചിട്ടുള്ളത് .ഈ ഭിത്തി ബലപ്പെടുത്താൻ ഉപയോഗിച്ചിട്ടുള്ള സിമന്റ് മിശ്രിതംപല ഭാഗങ്ങളിലും ഇളകിവീണിട്ടുണ്ട്. 2 കോടിയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന റോഡിൽ പക്ഷേ പാലം നന്നാക്കാൻ നടപടിയില്ല. റോഡ് പണിയിൽ 7കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അട്ടക്കുഴിയിലെ 2 കലുങ്കുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. കൊറ്റൻകുടി പാലം അടിയന്തരമായി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
കലുങ്ക് പണി ജനത്തെ വലയ്ക്കുന്നു
എഴുമറ്റൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളെ അട്ടക്കുഴിയിലെ രണ്ട് കലുങ്കുകളുടെ നിർമ്മാണം ദുരിതത്തിലാക്കി.രണ്ടു കലുങ്കുകൾ പൂർണമായി പൊളിച്ചുമാറ്റിയതോടെ ചാലാപ്പള്ളി,എഴുമറ്റൂർ, വാളക്കുഴി ,ചുഴന , നാരകത്താനി, മേത്താനംഭാഗങ്ങളിൽ നിന്നെത്തുന്ന രോഗികൾ രണ്ടു കിലോമീറ്റർ അധിക ദൂരം സഞ്ചരിച്ചാലേ ആശുപത്രിയിലെത്താൻ കഴിയു. പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ മറ്റിടങ്ങളിൽ കലുങ്കുകൾ നിർമ്മിച്ചത് രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു . പക്ഷേ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ കലുങ്കുകളുടെ നിർമ്മാണം ഒറ്റ ഘട്ടത്തിലാക്കിയതാണ് പ്രശ്നമായത്.
കൊറ്റൻകുടി പാലം അപകടാവസ്ഥയിൽ
പഴക്കം 72 വർഷം