ഡിജിറ്റൽ റീസർവെ: വസ്തു വിവരങ്ങൾ ഒറ്റ പോർട്ടലിൽ

Wednesday 15 March 2023 4:14 AM IST

തിരുവനന്തപുരം: ഡിജിറ്റൽ സർവ്വെ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ആധാരങ്ങളുടെ രജിസ്‌ട്രേഷനും പോക്കുവരവും വസ്തുവിന്റെ സ്കെച്ചും കൈവശാവകാശ രേഖയും

ഒറ്റ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള സംവിധാനം റവന്യു വകുപ്പ് നടപ്പാക്കുന്നു.

വസ്തു വിൽപ്പന നടത്തുന്ന ഭൂ ഉടമസ്ഥൻ 'എന്റെ ഭൂമി' എന്ന പോർട്ടലിൽ പ്രവേശിച്ച് രജിസ്‌ട്രേഷനായുള്ള ഭൂമിയുടെ ആർ.ഒ.ആർ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഭൂ വിവരങ്ങൾ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ വസ്തു രജിസ്‌ട്രേഷനായുള്ള വിവരങ്ങൾ നിർദ്ദിഷ്ട ടെംപ്ലേറ്റിൽ എന്റെ ഭൂമി പോർട്ടൽ മുഖേന സമർപ്പിക്കണം. സബ് ഡിവിഷൻ ആവശ്യമുള്ള കേസുകളിൽ സർവെ വകുപ്പ് സ്‌കെച്ച് തയ്യാറാക്കി അപേക്ഷകന്റെ സമ്മതത്തോടെ രജിസ്‌ട്രേഷൻ നടപടികൾക്കായി സോഫ്റ്റ് വെയറിലേക്ക് അയക്കും. രജിസ്‌ട്രേഷൻ നടത്തി സമഗ്ര വിവരങ്ങളും പോക്കുവരവിനായി റവന്യൂ വകുപ്പിന്റെ റെലീസ് പോർട്ടലിലേക്ക് അയക്കുകയും റെലീസ് പോർട്ടൽ പോക്കുവരവ് നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. പോക്കുവരവിന് ശേഷം അന്തിമമാക്കിയ മാറ്റവും രജിസ്‌ട്രേഷൻ വിവരങ്ങളും ഉൾപ്പെട്ട പോർട്ടലിൽ നിന്നും അപേക്ഷകന് ഡൗൺലോഡ് ചെയ്യാം.

ഈ നടപടികളുടെ ഓരോ ഘട്ടങ്ങളിലേയും പുരോഗതി അപേക്ഷകന് പോർട്ടൽ സന്ദർശിച്ച് നിരീക്ഷിക്കുന്നതിനും മൊബൈൽ ഫോണിലേക്ക് സന്ദേശമായി ലഭിക്കുന്നതിനും സൗകര്യമുണ്ടാവും .പോർട്ടൽ നിർമ്മാണത്തിന്റെ അവലോകന യോഗം റവന്യൂ , രജിസ്‌ട്രേഷൻ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടന്നു.