കൊച്ചി പഴയ കൊച്ചിയല്ല; മമ്മൂട്ടിയോട് അബ്ദുറബ്ബ്

Wednesday 15 March 2023 12:16 AM IST

മലപ്പുറം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ പടർന്ന വിഷപ്പുകയിൽ ആശങ്ക പങ്കുവച്ച നടൻ മമ്മൂട്ടിക്ക് ഫേസ് ബുക്കിലൂടെ മറുപടിയുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും തനിക്ക് ശ്വാസം മുട്ടുന്നെന്നും പറഞ്ഞ മമ്മൂട്ടിയോട് ബിഗ് ബി സിനിമയിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന് തുടങ്ങുന്ന ഡയലോഗിലൂടെയാണ് അബ്ദുറബ്ബ് തന്റെ പോസ്റ്റ് പങ്കുവച്ചത്. 'ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല. അതിന്റെ പിന്നിൽ പാർട്ടി കരങ്ങളുണ്ട്. ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണ് കൊച്ചിക്കാർക്ക് ചുറ്റം പരക്കുന്നത്. വിഷപ്പുക ശ്വസിച്ചും ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഉണ്ടായിട്ടും രക്ഷയില്ല. കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീറ്റ്ലി ഔട്ട്. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബർ ദാറ്റ്- അബ്ദുറബ്ബ് കുറിച്ചു.