പകുതി ശമ്പളത്തിന് പണമില്ല: സർക്കാരിനോട് 70 കോടി തേടി കെ.എസ്.ആർ.ടി.സി

Wednesday 15 March 2023 12:00 AM IST

തിരുവനന്തപുരം: സർക്കാർ ധന സഹായ നീളുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണം അനിശ്ചിതത്വത്തിലാക്കി. പകുതി

ശമ്പളമാണ് നേരത്തേ നൽകിയത്. ജനുവരിയിലെ വിഹിതത്തിൽ 20 കോടിയും ഫെബ്രുവരിയിലെ 50 കോടി രൂപയും ഉൾപ്പെടെ 70 കോടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് സർക്കാരിന് കത്തയച്ചു.

രണ്ടാം ഗഡു ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കാനാണ്

ബി.എം.എസിന്റെ തീരുമാനം. ശമ്പള വിതരണം ഇനിയും നീണ്ടാൽ ടി.ഡി.എഫും ഇതേ തീരുമാനത്തിലെത്തും. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പണിമുടക്ക് ഗുണം ചെയ്യില്ലെന്നാണ് സി.ഐ.ടി.യു നേതൃത്വത്തിലുളള എംപ്ലോയീസ് അസോസിയേഷന്റെ വിലയിരുത്തൽ. 18ന് മൂന്ന് അംഗീകൃത തൊഴിലാളി സംഘടനകളുടെ നേതാക്കളും യോഗം ചേർന്ന് സംയുക്ത സമരത്തിന്റെ കാര്യത്തിൽ ധാരണയിലെത്തിയേക്കും.

ബാങ്ക് കുടിശികയും മറ്റും അടയ്ക്കാൻ ആദ്യ ആഴ്ച ശമ്പളം നൽകണമെന്ന ജീവനക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് ശമ്പളം രണ്ടു ഗഡുക്കളാക്കാൻ തീരുമാനിച്ചതെന്നും, ആർക്കും ശമ്പളം നിഷേധിക്കില്ലെന്നും കെ.എസ്.ആർ.ടി.സി നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

സമ്മത പത്രം

കെണിയെന്ന്

രണ്ട് ഗഡുക്കളായി ശമ്പളം നൽകുമെന്ന മാനേജ്മെന്റിന്റെ ഉത്തരവിൽ,സർക്കാർ സഹായം ലഭിച്ച ശഷം മുഴുവൻ ശമ്പളവും ഒരുമിച്ച് മതിയെന്നുള്ളവർ ഫെബ്രുവരി 25ന് മുമ്പ് സമ്മതപത്രം നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം പേരും സമ്മത പത്രം നൽകിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാൽ സമ്മത പത്രം മാനേജ്മെന്റിന് തോന്നുമ്പോൾ ശമ്പളം നൽകാനുള്ള കെണിയാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം.