പ്രതിപക്ഷം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു: ആരോഗ്യമന്ത്രി
തിരുവനന്തപുരം : ബ്രഹ്മപുരം വിഷയത്തിലെ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് കടുത്തഭാഷയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. പ്രതിപക്ഷം അവാസ്തവമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. താൻ പറയാത്ത കാര്യങ്ങൾ പ്രതിപക്ഷം പ്രചരിപ്പിക്കുന്നതായി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തം ഉണ്ടായി പത്ത് ദിവസം കഴിഞ്ഞാണ് ജനത്തോട് മാസ്‌ക് വയ്ക്കാൻ പറഞ്ഞതെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. എറണാകുളത്ത് എത്തി മാർച്ച് അഞ്ചിന് തന്നെ വാർത്താ സമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞതായി മന്ത്രി വീണാ ജോർജ്ജ് വീഡിയോ കാണിച്ച് വിശദീകരിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. താൻ അങ്ങനെ പറഞ്ഞെങ്കിൽ മാദ്ധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യില്ലേ. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണെന്നും യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.