തീരദേശ ഹൈവേ: പ്രത്യേക പുനരധിവാസ പാക്കേജ്
തിരുവനന്തപുരം: തീരദേശ ഹൈവേയ്ക്കു സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ് തയാറാക്കിയതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭയിൽ അറിയിച്ചു..
സ്ഥലം വിട്ടു നൽകുന്നവർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കൽ ചട്ട പ്രകാരം നിശ്ചയിക്കുന്ന സ്ഥല വില നൽകും. പുനരധിവസിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ളാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം.ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവർക്ക് ഡിപ്രീസിയേഷൻ മൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണ് നഷ്ടപരിഹാരമായി നൽകുക
ആകെ 52 സ്‌ട്രെച്ചുകളിലായി 623 കിലോമീറ്റർ ദൈർഘ്യമാണ് ഒൻപതു ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേയ്ക്ക്. 44 സ്‌ട്രെച്ചുകളിലായി 537 കിലോമീറ്റർ ദൂരം കേരള റോഡ് ഫണ്ട് ബോർഡാണ് നിർമ്മിക്കുന്നത്.. 24 സ്‌ട്രെച്ചുകളിലായി 415 കിലോമീറ്റർ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റർ ഇടവിട്ട് 12 ഇടങ്ങളിൽ പ്രത്യേക ടൂറിസം കേന്ദ്രങ്ങൾ സജ്ജമാക്കും. സൈക്കിൾ ട്രാക്ക്, ചാർജിംഗ് സ്റ്റേഷനുകൾ, റെസ്‌റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
ടൂറിസത്തിനും വൻ സാദ്ധ്യത
തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026നു മുൻപ് പൂർത്തിയാക്കാനുള്ള എല്ലാ ശ്രമവും സർക്കാർ നടത്തും.
നിലവിലുള്ള റോഡുകൾ പൊളിച്ച് ആ അസംസ്‌കൃത വസ്തുക്കൾ തന്നെ നിർമാണത്തിനുപയോഗിക്കുന്ന പദ്ധതി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒൻപത് റോഡുകളിൽ ആരംഭിക്കും. റണ്ണിംഗ് കോൺട്രാക്ടുകൾ വഴി റോഡ് പരിപാലനവും ഉറപ്പക്കുമെന്ന് മന്ത്രി പറഞ്ഞു.