തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് അലോസരം:മന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീ അണഞ്ഞത് പ്രതിപക്ഷത്തെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഫയർഫോഴ്സും പൊലീസും വിവിധ വിഭാഗങ്ങളും ഏറെ സമർപ്പണത്തോടെ നടത്തിയ പ്രയത്നത്തിന്റെ ഫലമായി തീ അണയ്ക്കാനായത് അഭിമാനകരമായ നേട്ടമാണ്.
അതിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്. നാടാകെ ഒന്നിച്ചുനിൽക്കേണ്ട സന്ദർഭത്തിൽ സങ്കുചിത ചിന്താഗതിയോടെ പെരുമാറുന്ന പ്രതിപക്ഷത്തിന് കേരളം മാപ്പു നൽകില്ലെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്തെ കഴിഞ്ഞ ഏഴു വർഷത്തെ മാലിന്യത്തിന്റെ കണക്കും രേഖകളും എത്തിക്കാൻ കോടതി ആവശ്യപ്പെട്ടത് സഭാംഗം അടക്കമുള്ള കോൺഗ്രസുകാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ആറു മാസത്തിനകം ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് ആരംഭിക്കണമെന്ന് ദേശീയ ട്രൈബ്യൂണൽ 2018 ആഗസ്റ്റിൽ ഉത്തരവിട്ടിരുന്നു. അന്നത്തെ യു.ഡി.എഫ് ഭരണസമിതി അതിനെതിരെ സ്റ്റേ വാങ്ങുകയാണ് ചെയ്തത്.