ജീവനക്കാർ പ്രതിസന്ധിയിൽ കലാമണ്ഡലം: രണ്ട് മാസമായി ശമ്പളമില്ല

Wednesday 15 March 2023 12:03 AM IST

തൃശൂർ:കലാമണ്ഡലത്തിന് സർക്കാർ ഗ്രാന്റ് കിട്ടാതെ ജനുവരി - ഫെബ്രുവരി ശമ്പളം മുടങ്ങിയതോടെ ജീവനക്കാർ പ്രതിസന്ധിയിൽ. ശമ്പളം വൈകാറുണ്ടെങ്കിലും മാസങ്ങളുടെ കുടിശ്ശിക ആദ്യമാണ്. പരിഹാരം തേടി മാസങ്ങൾക്ക് മുമ്പ് ജീവനക്കാർ അവകാശദിനം ആചരിച്ചിരുന്നു.
ജനുവരി - മാർച്ച് ശമ്പളവും 2019 മാർച്ച് മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശികയും നൽകാൻ ആറ് കോടി രൂപ വേണം. ഈ തുക കലാമണ്ഡലത്തിന്റെ പ്‌ളാൻ ഫണ്ടിൽ നിന്ന് മാറ്റാൻ ഡിസംബറിൽ സർക്കാരിനോട് അപേക്ഷിച്ചെങ്കിലും അനുമതി കിട്ടിയില്ല.

ജനുവരി, ഫെബ്രുവരിയിലെ ശമ്പളത്തിന് മാത്രം വേണ്ടത് 1.7 കോടി. ഒക്ടോബറിലെ ശമ്പളം നവംബർ 15നാണ് നൽകിയത്. നവംബറിലും ഡിസംബറിലും വൈകി.

ചാൻസലറായി മല്ലിക സാരാഭായ് ചുമതലയേറ്റതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ജനുവരിയിൽ നടന്ന ചർച്ചയിൽ ജീവനക്കാർ ശമ്പളപ്രശ്‌നം ഉന്നയിച്ചിരുന്നു. പുറത്തെ പരിപാടികളുടെ പ്രതിഫലത്തിൽ പകുതി കലാകാരന്മാർക്ക് വീതിച്ചെടുക്കാവുന്നത് ആശ്വാസമാണെങ്കിലും, മറ്റ് ജീവനക്കാർക്ക് ബാങ്ക് വായ്പയും മറ്റും അടയ്ക്കാനാകുന്നില്ല.

ജീവനക്കാർ കൂടി, ഗ്രാന്റ് കൂട്ടിയില്ല

2007ൽ കൽപ്പിത സർവകലാശാലയായതോടെ യു.ജി.സി വിഭാഗത്തിലുൾപ്പെടെ ജീവനക്കാർ കൂടി. മുമ്പ് അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർ 111 ആയിരുന്നത് യു.ജി.സി, കരാർ ഉൾപ്പെടെ 14 വിഭാഗങ്ങളിലായി 259 പേരായി. ശമ്പളച്ചെലവും മറ്റും വർദ്ധിച്ചെങ്കിലും പ്രതിവർഷ ഗ്രാന്റ് (7.6 കോടി) വർദ്ധിപ്പിച്ചില്ല. ജീവനക്കാർ കൂടുതലാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കരാർ നിയമനങ്ങൾ പലതും പിൻവാതിൽ ആണെന്നും ആക്ഷേപമുണ്ട്. സർക്കാർ അനുമതിയില്ലാതെ 2019 - 21ൽ ബിരുദ വിഭാഗത്തിൽ ഏഴ് ഇൻസ്ട്രക്ടർമാരെ നിയമച്ചതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ടെന്നും അറിയുന്നു. ഇത് അന്വേഷിക്കാൻ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ സാംസ്‌കാരിക വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.

അഡിഷണൽ ഗ്രാന്റായി 1.62 കോടി അനുവദിക്കാൻ സർക്കാർ ഉത്തരവായി. ഇത് കിട്ടിയാലുടൻ ശമ്പളം നൽകും.

- ഡോ. പി.രാജേഷ്‌കുമാർ, രജിസ്ട്രാർ, കലാമണ്ഡലം

Advertisement
Advertisement