അങ്കണവാടികളെ ഊർജ്ജ സ്വയം പര്യാപ്തമാക്കും: മന്ത്രി

Wednesday 15 March 2023 12:06 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 33,115അങ്കണവാടികളെയും ഊർജ്ജ സ്വയംപര്യാപ്തമാക്കാനും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കാനും 'അംഗൻ ജ്യോതി' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. അങ്കണവാടികളിൽ കാർബൺ ബഹിർഗമനമില്ലാത്തതും പൂർണസുരക്ഷിതത്വമുള്ളതുമായ പാചകത്തിന് വൈദ്യുത ഇൻഡക്ഷൻ അടുപ്പുകൾ സ്ഥാപിക്കുമെന്ന് ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ആദ്യഘട്ടമായി അഞ്ച് അങ്കണവാടികളിൽ 2കിലോവാട്ടിന്റെ ഉപകരണങ്ങൾ നൽകി. സംസ്ഥാനത്തെ ജലാശയങ്ങളിൽ ഫ്ളോട്ടിംഗ് സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ച് 3000മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുടെ മാർഗരേഖ സർക്കാർ പരിഗണയിലാണ്. 56ജലാശയങ്ങളിൽ ആദ്യഘട്ടമായി 500മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാർ പ്ലാന്റുകൾ ലോകബാങ്കിന്റെ ഗ്രാന്റോട് കൂടി സ്ഥാപിക്കാൻ പഠനങ്ങൾ നടന്നുവരുന്നു.

സോളാർ സിറ്റി

കേന്ദ്ര നവനവീകരണ ഊർജ്ജ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ സോളാർ സിറ്റിയായി തിരഞ്ഞെടുത്തിട്ടുണ്ട്. നഗരത്തിന്റെ മുഴുവൻവൈദ്യുതി ആവശ്യവും പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിൽ നിന്ന് നിറവേറ്റുകയാണ് ലക്ഷ്യം. 110കോടിയാണ് ഇതിനായി സ്മാർട്ട് സിറ്റി പദ്ധതി വഴി കണ്ടെത്തിയിട്ടുള്ളത്.

കോളനി വൈദ്യുതീകരണം
പട്ടികവർഗ വകുപ്പ്,ത്രിതല പഞ്ചായത്ത്,എം.എൽ.എ ഫണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ എല്ലാ കോളനികളുടെയും വൈദ്യുതീകരണം ഒരു വർഷത്തിനകം പൂർത്തീകരിക്കും.

വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷൻ
എല്ലാ ജില്ലകളിലുമായി സംസ്ഥാന ഗതാഗത വകുപ്പിന്റെയും,കേന്ദ്ര സർക്കാരിന്റെയും ഫണ്ടുപയോഗിച്ച് 63ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ കെ.എസ്.ഇ.ബിയും 15എണ്ണം സംസ്ഥാന സർക്കാർ ഫണ്ടുപയോഗിച്ച് അനർട്ടും സ്ഥാപിച്ചു. ദേശീയപാത,എം.സി റോഡിലടക്കം പ്രധാന പാതകളിൽ ഓരോ 50കിലോമീറ്ററിലും ഇ-കാറുകൾക്കായുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കും.

Advertisement
Advertisement