ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയാക്കും: മന്ത്രി റിയാസ്

Wednesday 15 March 2023 12:11 AM IST

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയാക്കുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. സൊസൈറ്റിയാകുന്നതോടെ മിഷന് സ്വതന്ത്ര സ്വഭാവമുണ്ടാകും. ഇതിലൂടെ മിഷന് സർക്കാരിതര സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നേടാനാകും. യൂണിറ്റുകൾക്ക് സാമ്പത്തിക സഹായം നൽകാനും പ്രാദേശിക തൊഴിൽ വർദ്ധിപ്പിക്കാനും സി.എസ്.ആർ ഫണ്ട് സ്വീകരിക്കാനും മൈക്രോ സംരംഭങ്ങൾ ആരംഭിക്കാനും സാധിക്കും.

10,000 പുതിയ സംരംഭത്തിലൂടെ 30,000 സ്ത്രീകൾക്ക് ജോലി നൽകും. ആദിവാസി മേഖലകളെ പരിചയപ്പെടുത്തുന്ന 'എൻ ഉ‌‌ൗര്" പദ്ധതി പോലുള്ളവ വ്യാപകമാക്കുന്നത് ആലോചിക്കും. ആലുവ മണപ്പുറത്തിനുള്ള സഹായം ലഭ്യമാക്കും. ഫോണെടുക്കാത്ത ഉദ്യോഗസ്ഥരുടെ പേര് നൽകിയാൽ നടപടിയെടുക്കും. സ്ലോ ട്രാവൽ ട്രെൻഡ് ടൂറിസം മേഖലയ്ക്ക് ഗുണകരമാകും.

സ്ട്രീറ്റ് പദ്ധതി വ്യാപകമാക്കുന്നതോടെ പ്രാദേശികമായി സ്ട്രീറ്റുകൾ സജ്ജമാക്കി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കും. അഗ്രി ടൂറിസം നെറ്റ്‌വർക്ക് ശക്തമാക്കാൻ ഉത്തരവാദിത്ത ടൂറിസത്തെ ഉപയോഗപ്പെടുത്തും. പെപ്പർ, മോഡൽ ആർ.ടി വില്ലേജ് തുടങ്ങിയ പദ്ധതികളിലൂടെയും പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 അവിശുദ്ധ കൂട്ടുകെട്ട് അംഗീകരിക്കില്ല

റോഡ് നിർമ്മാണത്തിലെ അവിശുദ്ധ കൂട്ടുകെട്ട് അംഗീകരിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. അനാവശ്യമായി റോഡ് വെട്ടിപ്പൊളിക്കുന്നത് തടയാൻ ഫെബ്രുവരി 14ന് ഇറക്കിയ ഉത്തരവിലൂടെ പൊതുമരാമത്ത് വകുപ്പിന് വിഷയത്തിൽ ഇടപെടാനാകും. ഇത്തരം പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും.

റിസ്‌ക് ആൻഡ് കോസ്റ്റ് ടെർമിനേഷന്റെ ഭാഗമായി 41 കരാറുകാർക്കെതിരെ നടപടിയെടുക്കും. അഞ്ച് പേരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. കിഫ്ബി പൊതുമരാമത്ത് വകുപ്പ് റോഡുകൾ സംബന്ധിച്ചുള്ള പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ റവന്യു വകുപ്പുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.