ഡി.ജി.പിയെ നേരിൽ കണ്ട് അറസ്റ്റ് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ
കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ അജു, ശരത് മോഹൻ തുടങ്ങിയവരെ ആക്രമിച്ച കേസിലെ ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ ഡി.ജി.പിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഡി.ജി.പി അനിൽ കാന്തിനെ ഫോണിൽ വിളിച്ച് അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എയെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തി. പിന്നീടാണ് ഷാഫി പറമ്പിൽ ഡി.ജി.പിയെ നേരിൽ കണ്ട് തെളിവുകൾ സഹിതം കൈമാറി പരാതി നൽകിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ഷാഫി പറമ്പിലിന് ഉറപ്പുനൽകി. ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനാണ് പൊലീസ് തീരുമാനമെങ്കിൽ സംസ്ഥാനതലത്തിൽ യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീർഷ പാലോട് തുടങ്ങിയവരും സംസ്ഥാന പ്രസിഡന്റിനോടൊപ്പം ഡി.ജി.പിയെ കണ്ടു.