ജില്ലയെ പുളകമണിയിച്ച് സി.പി.എം ജനകീയ പ്രതിരോധ ജാഥ പ്രയാണം
പത്തനാപുരം: കണ്ഠംപൊട്ടുമാറ് ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളും പുഴപോലെ ആയിരങ്ങളും അണിനിരന്ന് ജില്ലയിലൂടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രയാണം തുടങ്ങി.
ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ കല്ലുംകടവിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ജാഥാ ക്യാപ്ടനെയും ജാഥാംഗങ്ങളെയും വരവേറ്റു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, പി.രാജേന്ദ്രൻ, ജെ.മേഴ്‌സികുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻ കോടി, എം.എച്ച്.ഷാരിയർ, ചിന്ത ജെറോം തുടങ്ങിയവർ ജാഥാ ക്യാപ്ടനെ ഹാരമണിയിച്ചു. പത്തനാപുരത്തെ സ്വീകരണത്തിന്റെ സ്വാഗത സംഘം സെക്രട്ടറി ബി.അജയകുമാർ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ എൻ.ജഗദീശൻ, എസ്. മുഹമ്മദ് അസ്ലം, നേതാക്കളായ എസ്.സജീഷ്, എ.ബി.അൻസാർ തുടങ്ങിയവരും സ്വീകരണത്തിന് നേതൃത്വം നൽകി. തുടർന്ന് പത്തനാപുരം നെടുംപറമ്പിലെ സ്വീകരണ പന്തലിലേക്ക് ജാഥയെ ആനയിച്ചു. അവിടെ ജാഥയെ വരവേൽക്കാൻ മന്ത്രി കെ.എൻ.ബാലഗോപാലും എത്തിയിരുന്നു.
സ്വീകരണ സമ്മേളനത്തിൽ സംഘാടക സമിതി പ്രസിഡന്റ് എൻ.ജഗദീശൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബി.അജയകുമാർ സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ എം.സ്വരാജ്, കെ.ടി.ജലീൽ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് എം.വി.ഗോവിന്ദൻ നന്ദി പറഞ്ഞു. അഞ്ചലിൽ നടന്ന സ്വീകരണത്തിൽ സംഘാടക സമിതി പ്രസിഡന്റ് എസ്.ജയമോഹൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോർജ് മാത്യു സ്വാഗതം പറഞ്ഞു. ജാഥ മാനേജർ പി.കെ.ബിജു, അംഗങ്ങളായ സി.എസ്.സുജാത, ജെയ്ക്.സി.തോമസ് എന്നിവർ സംസാരിച്ചു.