വീട്ടിൽ നിന്ന് 10 പവനും 10,000 രൂപയും കവർന്നു

Wednesday 15 March 2023 12:50 AM IST

കടയ്ക്കൽ: വീട്ടിൽ നിന്ന് പത്ത് പവനും 10,000 രൂപയും കവർന്നു. സീഡ്ഫാം ജംഗ്ഷൻ അഞ്ജലിയിൽ ശശീന്ദ്രൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നത്. വീട്ടുകാർ കുറ്റിക്കാടുള്ള ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടക്കാൻ പോയതായിരുന്നു. വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് നായ അഞ്ചുമുക്ക് വഴി കിളിമരത്ത് കാവ് ക്ഷേത്രത്തിന് സമീപം വരെ എത്തി നിൽക്കുകയായിരുന്നു. നിരീക്ഷണ കാമറ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചു.